ഓട്ടവ : തന്റെ പാർട്ടി അധികാരത്തിലേറിയാൽ അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പരിഹരിക്കപ്പെടുന്നതുവരെ ടെസ്‌ല വാഹനങ്ങൾക്ക് 100% താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് എൻഡിപി ലീഡർ ജഗ്മീത് സിങ്. കനേഡിയൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കാനും കനേഡിയൻ ഓട്ടോ തൊഴിലാളികളെയും ജോലികളെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇതുപ്രകാരം, കനേഡിയൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് 10,000 ഡോളർ വരെ റിബേറ്റ് ലഭിക്കും. അതേസമയം കനേഡിയൻ ഇതര വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇത് 5,000 ഡോളർ വരെ ആയിരിക്കും.
കഴിഞ്ഞ മാസം ഫണ്ടിങ് പ്രശ്‌നങ്ങൾ കാരണം നിർത്തലാക്കിയ ഇലക്ട്രിക് വാഹനങ്ങളുടെ പർച്ചേസിനുള്ള ഫെഡറൽ പ്രോത്സാഹന പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും ജഗ്മീത് സിങ് പറഞ്ഞു. കനേഡിയൻ വാഹന വ്യവസായത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ യുഎസ് വ്യാപാര യുദ്ധത്തോടുള്ള നേരിട്ടുള്ള പ്രതികരണമായാണ് ഈ പദ്ധതിയെ കാണുന്നത്. കനേഡിയൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലിബറൽ നേതൃത്വ സ്ഥാനാർത്ഥികളും ഇലക്ട്രിക് വാഹന റിബേറ്റ് പ്രോഗ്രാം ഏതെങ്കിലും രൂപത്തിൽ പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.