ഓപ്പണ്‍ എഐ വാങ്ങാന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനെതിരെ മറുപടിയുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാന്‍. ഓപ്പണ്‍ എഐ വാങ്ങാം എന്ന വാഗ്ദാനം പരസ്യമായി നിഷേധിച്ച ആള്‍ട്മാന്‍ എക്സ് പ്ലാറ്റ്ഫോം വാങ്ങാന്‍ താന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു. 97.4 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘം വാഗ്ദാനം ചെയ്തത്.
‘വേണ്ട, നന്ദി. നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഞങ്ങള്‍ വാങ്ങാം.’ എന്നായിരുന്നു ആള്‍ട്മാന്റെ പോസ്റ്റ്. ഇതിനുള്ള മസ്‌കിന്റെ മറുപടി ‘സ്വിന്‍ഡ്ലര്‍'(വഞ്ചകന്‍) എന്നുമാത്രമായിരുന്നു.

2015-ല്‍ ഓപ്പണ്‍ എഐ തുടങ്ങുന്നതിനായി പരസ്പരം സഹകരിച്ചുകൊണ്ടാണ് മസ്‌കും ആള്‍ട്മാനും മുന്നോട്ടു നീങ്ങിയത്. എന്നാല്‍ പിന്നീട് ഇതാര് നയിക്കും എന്നതിലേക്ക് മത്സരം കടുത്തു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2018ലാണ് ബോര്‍ഡില്‍ നിന്ന് മസ്‌ക് രാജിവയ്ക്കുന്നത്.