ഓട്ടവ : ഉയർന്ന ജീവിതച്ചെലവിൽ നിന്നും കനേഡിയൻ പൗരന്മാർക്ക് ആശ്വാസം നൽകാനായി ആരംഭിച്ച ഫെഡറൽ ടാക്സ് ഹോളിഡേ ശനിയാഴ്ച അവസാനിക്കും. ഡിസംബർ 14-ന് ആരംഭിച്ച ഫെഡറൽ ടാക്സ് ഹോളിഡേയിൽ ഭക്ഷണത്തിനുപുറമെ, വസ്ത്രങ്ങൾ, പാദരക്ഷകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ പുസ്തകങ്ങളും പാനീയങ്ങളും വരെയുള്ള ഇനങ്ങൾ ഉൾപ്പെട്ടിരുന്നു.

എന്നാൽ, നടപടിയുടെ വിജയത്തിൽ വ്യവസായ ഗ്രൂപ്പുകൾ തമ്മിൽ ഭിന്നതയിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നികുതി അവധി തുടരണമെന്ന് കാനഡയിലെ റസ്റ്ററൻ്റ്സ് കാനഡയുടെ പ്രസിഡൻ്റും സിഇഒയുമായ കെല്ലി ഹിഗ്ഗിൻസൺ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നികുതി അവധി ഇല്ലാതിരുന്നതിനേക്കാൾ 60 ദിവസത്തെ നികുതി ഇളവ് കാലയളവിൽ തങ്ങളുടെ വിൽപ്പനയിൽ 150 കോടി ഡോളറിന്‍റെ വർധന പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പ് പറഞ്ഞു. ജിഎസ്ടി/എച്ച്എസ്ടി അവധിക്കാലത്ത് റസ്റ്ററൻ്റ് വിറ്റുവരവ് 7.6% വർധിച്ചതായി ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ റിസർവേഷൻ പ്ലാറ്റ്‌ഫോമായ ഓപ്പൺ ടേബിളിൽ നിന്നുള്ള കണക്കുകൾ പ്രകാരം നികുതി അവധിയുടെ ആദ്യ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 18% വർധന കാണിക്കുന്നു. ബിവറേജസ്, ആൽക്കഹോൾ നിർമ്മാതാക്കൾക്കും നേട്ടമുണ്ടായതായും കെല്ലി ഹിഗ്ഗിൻസൺ അറിയിച്ചു. എന്നാൽ, നികുതി അവധി ഒരു “ഫ്ലോപ്പ്” ആണെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) പറയുന്നു. എല്ലാത്തരത്തിലും ഗവൺമെൻ്റിൻ്റെ ജിഎസ്ടി അവധി പരാജയമായിരുന്നുവെന്ന് സിഎഫ്ഐബി പ്രസിഡൻ്റ് ഡാൻ കെല്ലി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം നികുതി ഇളവിൽ റീട്ടെയിൽ സ്റ്റോറുകളാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. ഒപ്പം ഹോസ്പിറ്റാലിറ്റി ബിസിനസുകളിൽ 15% വിൽപ്പന വർധിച്ചു.
