ടൊറൻ്റോ : പ്രവിശ്യ തിരഞ്ഞെടുപ്പിൽ എഗ്ലിൻ്റൺ-ലോറൻസ് റൈഡിങ്ങിൽ ഒൻ്റാരിയോ എൻഡിപി നാമനിർദ്ദേശം ചെയ്ത സ്ഥാനാർത്ഥി മത്സരരംഗത്ത് നിന്നും പിന്മാറി. പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർത്ഥിയുടെ വിജയം തടയാൻ ലിബറൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും എൻഡിപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട നതാഷ ഡോയൽ-മെറിക്ക് പ്രസ്താവനയിൽ പറയുന്നു.

എഗ്ലിൻ്റൺ-ലോറൻസ് റൈഡിങ്ങിൽ ടോറി-ലിബറൽ മത്സരമാണ് അരങ്ങേറുന്നത്, അതിനാൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ വിജയത്തെ തടയുമെന്ന പ്രതീക്ഷയിലാണ് താൻ മാറിനിൽക്കുന്നതെന്നും നതാഷ വ്യക്തമാക്കി. 2018 മുതൽ ടോറികൾ കൈവശം വെയ്ക്കുന്ന ഈ റൈഡിങ്ങിൽ 1999 മുതൽ 2018 വരെ ലിബറൽ പാർട്ടിയുടെ മേധാവിത്വമായിരുന്നു.

അതേസമയം പ്രവിശ്യാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്‌ച അവസാനിച്ചപ്പോൾ വിൻസർ വെസ്റ്റ് റൈഡിങ്ങിൽ ലിബറൽ പാർട്ടിക്ക് സ്ഥാനാർത്ഥിയെ നിർത്താൻ സാധിച്ചിട്ടില്ല. ഇതോടെ ഈ റൈഡിങ്ങിൽ എൻഡിപിയും പ്രോഗ്രസീവ് കൺസർവേറ്റീവുകളും തമ്മിലുള്ള പോരാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവിശ്യയിലെ എല്ലാ റൈഡിങ്ങുകളിലും ജനുവരി അവസാനത്തോടെ പ്രോഗ്രസീവ് കൺസർവേറ്റീവുകൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒൻ്റാരിയോ ഗ്രീൻ പാർട്ടിയും 124 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.