ടൊറൻ്റോ : നഗരത്തിൽ വ്യാജ ഡോളറുകൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകി യോർക്ക് പൊലീസ്. ഓൺലൈൻ സൈറ്റുകൾ വഴി വിറ്റ വൻ തുകയുള്ള ഉൽപ്പന്നങ്ങൾക്ക് പകരമായി വ്യാജ 100 ഡോളറുകൾ നൽകിയതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2024 ഒക്ടോബർ മുതൽ ഇതുവരെ 14 പരാതികൾ ലഭിച്ചിട്ടുണ്ട്.
തട്ടിപ്പുകാർ ഈ ഉൽപ്പന്നങ്ങൾക്ക് നേരിട്ട് പണം നൽകാനായി പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ഇവർക്ക് വ്യാജ ഡോളർ നൽകുകയും ചെയ്തു. ഈ ഡോളറുകളിൽ GJR6710018, GJR710022 എന്നീ സീരിയൽ നമ്പറുകൾ അച്ചടിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ ഡോളറുകളുടെ വിൻഡോയിൽ ‘പ്രോപ്പ് മണി’ എന്ന വാക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജ ഡോളറുകൾ തിരിച്ചറിയാൻ ചില മാർഗങ്ങൾ പൊലീസ് നിർദ്ദേശിക്കുന്നു :
- ഓരോ ഡോളറിനും അതിൻ്റേതായ സീരിയൽ നമ്പർ ഉണ്ടായിരിക്കും. ഒന്നിലധികം ഡോളറുകൾ ലഭിക്കുമ്പോൾ എല്ലാ ഡോളറിന്‍റെയും സീരിയൽ നമ്പറുകൾ പരിശോധിക്കുക
- ഡോളറുകളുടെ വിൻഡോ പരിശോധിച്ച് അതിലെ ചെറിയ സംഖ്യകൾ ഡിനോമിനേഷനും ഒന്നാണെന്ന് ഉറപ്പാക്കുക
- വിൻഡോയിലെ പോർട്രെയ്‌റ്റും പ്രധാന പോർട്രെയ്‌റ്റും ഒരുപോലെ ആണെന്ന് ഉറപ്പാക്കുക
- വിൻഡോയിലെ ചിത്രം നിറം മാറുന്നത് ഉറപ്പാക്കുക
- പ്രധാന പോർട്രെയ്‌റ്റിന് മുകളിലൂടെ വിരൽ ഓടിക്കുമ്പോൾ, മഷിയുടെ തടിപ്പ് അനുഭവപ്പെടണം
- ചെറുതും തെളിച്ചമുള്ളതുമായ പ്രകാശത്തിൽ നോക്കുമ്പോൾ മേപ്പിൾ ലീഫ് വിൻഡോയിൽ ചെറിയ സംഖ്യകൾ ഉണ്ടായിരിക്കണം