ടൊറൻ്റോ : ഹാമിൽട്ടണിൽ കുട്ടിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ഹാമിൽട്ടൺ പബ്ലിക് ഹെൽത്ത് (HPH). സ്കൂളിലും ആശുപത്രിയിലും അഞ്ചാംപനി ബാധിച്ച കുട്ടി എത്തിയതിനാൽ നഗരത്തിൽ നിരവധി ആളുകൾക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഫിബ്രവരി 4 നും ഫെബ്രുവരി 7 നും ഇടയിൽ ഓരോ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6:10 വരെ കാനൺ സ്ട്രീറ്റ് ഈസ്റ്റിനടുത്തുള്ള 181 ബെൽമോണ്ട് അവന്യൂവിലുള്ള ഹോളി നെയിം ഓഫ് ജീസസ് കാത്തലിക് എലിമെൻ്ററി സ്കൂളിൽ എത്തിയവർക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് HPH അറിയിച്ചു. കൂടാതെ ഫെബ്രുവരി 10-ന് യൂണിവേഴ്സിറ്റി അവന്യൂവിനു സമീപം 1200 മെയിൻ സ്ട്രീറ്റ് വെസ്റ്റിലുള്ള മക്മാസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ എത്തിയവർക്കും അണുബാധയ്ക്ക് സാധ്യതയുണ്ട്. വൈറസ് ബാധിച്ചേക്കാവുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തി 21 ദിവസത്തിനുള്ളിൽ അഞ്ചാംപനി ലക്ഷണങ്ങൾ പ്രകടമാകും. ശക്തമായ പനി, ചുവന്ന ചുണങ്ങു, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം എന്നിവയാണ് ലക്ഷണങ്ങൾ. ഈ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ വീട്ടിലിരിക്കണമെന്നും ജോലി, സ്‌കൂൾ, ശിശു സംരക്ഷണ കേന്ദ്രം, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകരുതെന്നും HPH നിർദ്ദേശിച്ചു.

ഈ വർഷം ഫെബ്രുവരി 12 വരെ പ്രവിശ്യയിൽ 57 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാറിയോ (PHO) പറയുന്നു. സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്ത്, ഗ്രേ ബ്രൂസ് ഹെൽത്ത് യൂണിറ്റ്, ഗ്രാൻഡ് എറി പബ്ലിക് ഹെൽത്ത്, ചാത്തം-കെൻ്റ് പബ്ലിക് ഹെൽത്ത് എന്നിവയുൾപ്പെടെ പ്രവിശ്യയിലെ നാല് പബ്ലിക് ഹെൽത്ത് യൂണിറ്റുകളിൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.