മൺട്രിയോൾ : കഴിഞ്ഞ ദിവസം 34 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് നഗരത്തിലുടനീളം മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനം ആരംഭിച്ചതായി മൺട്രിയോൾ സിറ്റി. അടുത്ത 36 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന മഞ്ഞുവീഴ്ചയ്ക്ക് മുന്നോടിയായാണ് ഈ പ്രവർത്തനം.

ഞായറാഴ്ച പ്രതീക്ഷിക്കുന്ന കനത്ത മഞ്ഞുവീഴ്ചയ്ക്കുള്ള തയ്യാറെടുപ്പിനായാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതൽ മഞ്ഞു നീക്കം ചെയ്യൽ ആരംഭിച്ചത്. പ്രധാന റോഡുകൾ, അടിയന്തര സേവനങ്ങൾ, ഇടുങ്ങിയ തെരുവുകൾ എന്നിവയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യം. മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്ന് സിറ്റി അധികൃതർ അഭ്യർത്ഥിച്ചു. മഞ്ഞ് നീക്കം ചെയ്യൽ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നതിന്, പാർക്കിങ് നിരോധനം കർശനമായി പാലിക്കുകയും നടപ്പാതകളിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.