ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിലും ജിടിഎയിലും ഇന്നും നാളെയും കനത്ത മഞ്ഞുവീഴ്ച പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും അപകടരമായ യാത്രാ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയോടെ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കും. കുടിവെള്ളം, കേടുവരാത്ത ഭക്ഷണം, മരുന്ന്, പ്രഥമശുശ്രൂഷ കിറ്റ്, ഫ്ലാഷ്‌ലൈറ്റ് എന്നിവയുൾപ്പെടെ അടിയന്തര സാധനങ്ങൾ കയ്യിൽ കരുതി പ്രതികൂല കാലാവസ്ഥയെ നേരിടാൻ ജനങ്ങൾ തയ്യാറായിരിക്കണമെന്ന് പബ്ലിക് സേഫ്റ്റി കാനഡ നിർദ്ദേശിച്ചു. യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം.ഒപ്പം കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഏജൻസി അറിയിച്ചു.

മിസ്സിസാഗ, ടൊറൻ്റോ, ബ്രാംപ്ടൺ, ഹാൽട്ടൺ മേഖല, ദുർഹം മേഖല, ഹാമിൽട്ടൺ, നയാഗ്ര മേഖലകളിൽ 25 മുതൽ 35 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങൾ, പ്രത്യേകിച്ച് നയാഗ്ര എസ്‌കാർപ്‌മെൻ്റ്, ഡണ്ടൽക് ഹൈലാൻഡ്‌സ് എന്നിവിടങ്ങളിൽ ഇതിലും ഉയർന്ന അളവിൽ മഞ്ഞു വീഴുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. വൈകുന്നേരത്തോടെ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. ഇന്ന് രാത്രിയോടെ മഞ്ഞുവീഴ്ച കുറയുമെങ്കിലും, ഞായറാഴ്ച രാവിലെയോടെ വീണ്ടും ശക്തി പ്രാപിക്കും.