ഓട്ടവ : എട്ടു വർഷത്തിന് ശേഷം ആദ്യമായി കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഡിസംബറിൽ ഭക്ഷ്യവസ്തുക്കളുടെ വില 0.6% ഉയർന്നിരുന്നു. എന്നാൽ, ജനുവരിയിൽ, 2017 മെയ് മാസത്തിന് ശേഷം ആദ്യമായി ഭക്ഷ്യവസ്തുക്കളുടെ വില ഒരു ശതമാനം ഇടിഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വാർഷിക പണപ്പെരുപ്പം 1.9 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ജനുവരിൽ ഇന്ധനവില കൂടിയതാണ് പണപ്പെരുപ്പത്തിലെ നേരിയ വർധനയ്ക്ക് കാരണമെന്നും ഏജൻസി പറയുന്നു.

ഗതാഗതച്ചെലവ് ഡിസംബറിലെ 2.3 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 3.4 ശതമാനമായി ഉയർന്നപ്പോൾ പാർപ്പിട ചെലവ് 4.5 ശതമാനത്തിൽ സ്ഥിരമായി തുടർന്നു. എന്നാൽ, ജനുവരിയിൽ റസ്റ്ററൻ്റ് ഭക്ഷണ വില ഒരു വർഷം മുമ്പത്തേതിനേക്കാൾ 5.1% ഇടിവ് രേഖപ്പെടുത്തി. ഇത് മൊത്തത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഒരു ശതമാനം ഇടിവിന് കാരണമായതായി ഏജൻസി വ്യക്തമാക്കി. അതേസമയം ഡിസംബർ 9 മുതൽ ഫെബ്രുവരി 15 വരെ നീണ്ടുനിന്ന ജിഎസ്ടി/എച്ച്എസ്ടി ഇളവ് ജനുവരിയിലെ പണപ്പെരുപ്പ നിരക്കിനെ ബാധിക്കുമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ധരായ നഥാൻ ജാൻസനും ക്ലെയർ ഫാനും വ്യക്തമാക്കിയിരുന്നു.