വൻകൂവർ : ന്യൂനമർദ്ദത്തെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ മെട്രോ വൻകൂവറിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ. 70 മില്ലിമീറ്റർ വരെ മഴയാണ് പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ലോവർ മെയിൻലാൻഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ബുധനാഴ്ച രാത്രി പെയ്യുന്ന കനത്ത മഴ വ്യാഴാഴ്‌ചയോടെ ചാറ്റൽമഴയായി കുറയും.

നോർത്ത് ഷോർ, കോക്വിറ്റ്‌ലാം, മേപ്പിൾ റിഡ്ജിൻ്റെ വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ ഹൗ സൗണ്ട്, മെട്രോ വൻകൂവർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും വൻകൂവർ ദ്വീപിലും സൺഷൈൻ കോസ്റ്റിൻ്റെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റും വീശുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. കനത്ത മഴയിൽ റോഡുകളിൽ വെള്ളം കെട്ടിനിൽക്കാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. മണിക്കൂറിൽ 90 കി.മീ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റിൽ വൈദ്യുതി മുടക്കവും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിക്കാം.