ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് സ്ഥാനമൊഴിയുമെന്ന് ഡെന്നിസ് കിങ് പ്രഖ്യാപിച്ചു. ഒപ്പം പ്രവിശ്യയിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ഒഴിയുന്നതായി അദ്ദേഹം അറിയിച്ചു. ഷാർലെറ്റ്ടൗണിലെ ഷാ സൗത്ത് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബിൽഡിങ്ങിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് കിങ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ പാർട്ടി കോക്കസ് ഒരു ഇടക്കാല പാർട്ടി നേതാവിനെയും പ്രീമിയറെയും തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

12 വർഷത്തെ ലിബറൽ ഭരണം അവസാനിപ്പിച്ച് 2019-ലാണ് ഡെന്നിസ് കിങ് ആദ്യമായി പ്രവിശ്യയുടെ പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2023 തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വീണ്ടും വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് മടങ്ങിയെത്തി.

1971-ൽ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ജോർജ്ജ്ടൗണിൽ ജനിച്ച കിങ്, ഒൻ്റാരിയോയിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം ഈസ്റ്റേൺ ഗ്രാഫിക്കിൻ്റെ റിപ്പോർട്ടറായും ഐലൻഡ് ഫാർമറിൻ്റെയും അറ്റ്ലാൻ്റിക് ഫിഷിൻ്റെയും എഡിറ്ററായും സേവനമനുഷ്ഠിച്ചു. മുൻ പ്രീമിയർ പാറ്റ് ബിൻസിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ഡെന്നിസ് കിങ് പ്രവർത്തിച്ചിട്ടുണ്ട്.