ടൊറൻ്റോ : പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന 21 പേരും ആശുപത്രി വിട്ടതായി ഡെൽറ്റ എയർലൈൻസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് മിനസോടയിലെ മിനിയാപൊളിസ് സെൻ്റ് പോൾ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 എന്ന വിമാനം അപകടത്തിൽപ്പെട്ടത്. എഴുപത്തിയാറ് യാത്രക്കാരും നാല് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ രണ്ട് റൺവേകൾ ഇപ്പോഴും സർവീസ് നടത്തുന്നില്ല. സാധാരണ പ്രവർത്തനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. യാത്രക്കാർ തങ്ങളുടെ എയർലൈനുകൾ റദ്ദാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നത് പരിശോധിക്കണമെന്ന് ടൊറൻ്റോ പിയേഴ്സൺ ഡ്യൂട്ടി മാനേജർ ജേക്ക് കീറ്റിങ് നിർദ്ദേശിച്ചു. ബൊംബാർഡിയെ നിർമ്മിത CRJ900 ൻ്റെ അവശിഷ്ടങ്ങൾ ബുധനാഴ്ച വൈകി റൺവേയിൽ നിന്ന് നീക്കം ചെയ്യുകയും എയർപോർട്ട് ഹാംഗറിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാർക്ക് 30,000 യുഎസ് ഡോളർ നഷ്ടപരിഹാരം നൽകുമെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്. കൂടാതെ ഭക്ഷണം, ഹോട്ടൽ സൗകര്യം, ഗതാഗതം എന്നിവയിൽ സഹായിക്കാൻ ടൊറൻ്റോയിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും എയർലൈൻ പറയുന്നു. പരിശോധനയും വൃത്തിയാക്കലും നടക്കുന്നതിനാൽ വിമാനത്തിലെ ലഗേജുകൾ ഉടമകൾക്ക് തിരികെ ലഭിക്കാൻ ആഴ്ചകൾ എടുത്തേക്കുമെന്ന് ഡെൽറ്റ എയർലൈൻസ് റിപ്പോർട്ട് ചെയ്തു.