ടൊറൻ്റോ : യോർക്ക് മേഖലയിലുടനീളം നടന്ന നാല്പതിലധികം ഭവനഭേദന കേസുകളിൽ 20 പേർ അറസ്റ്റിലായി. പ്രൊജക്ട് ഡസ്‌ക് എന്ന പേരിൽ നാല് മാസം മുമ്പ് ആരംഭിച്ച അന്വേഷണത്തിൽ യോർക്ക് മേഖലയിലെ ഡസൻ കണക്കിന് ഭവനഭേദന കേസുകളിൽ ഉൾപ്പെട്ട ക്രിമിനൽ സംഘങ്ങളെ തകർക്കാൻ സഹായിച്ചതായി യോർക്ക് റീജനൽ പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഇരുന്നൂറിലധികം കുറ്റങ്ങൾ ചുമത്തി.

അന്വേഷണത്തിൽ പ്രതികളിൽ നിന്നും കാനഡയിൽ നിയമപരമായി വിൽക്കാൻ കഴിയാത്ത ക്രോബാറുകൾ, പഞ്ച്സ്, സ്ക്രൂഡ്രൈവറുകൾ, റേഡിയോകൾ, വൈ-ഫൈ സിഗ്നൽ ജാമറുകൾ, ഡിറ്റക്ടറുകൾ തുടങ്ങിയ ഉപകരണങ്ങൾ കണ്ടെടുത്തതായി യോർക്ക് റീജനൽ പൊലീസ് ചീഫ് ജിം മാക്‌സ്വീൻ അറിയിച്ചു. കൂടാതെ 20 ലക്ഷത്തോളം വിലമതിക്കുന്ന മോഷ്ടിച്ച വസ്തുക്കളും പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവ അതിൻ്റെ ഉടമകൾക്ക് തിരികെ നൽകിയതായി മാക്‌സ്വീൻ പറയുന്നു.

ഭവനഭേദനം തടയാൻ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുക, ടൈമറുകളിൽ ലൈറ്റുകൾ സ്ഥാപിക്കുക, എല്ലാ വാതിലുകളും ജനലുകളും പൂട്ടുക, വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ പങ്കുവെച്ചു.