ഓട്ടവ : അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കുമെന്ന ഊഹാപോഹങ്ങൾ പരക്കുന്നതിനിടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത ലിബറൽ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ഫിനിഷിങ് ലൈനിനോട് അടുക്കുകയാണ്. പുതിയ ലീഡർ പാർട്ടിയുടെ നിലവിലെ മുന്നേറ്റം തുടരാനും ഉടൻ ഫെഡറൽ തിരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, മൂന്ന് പ്രധാന പാർട്ടികളിൽ രണ്ടെണ്ണം പ്രചാരണത്തിൽ പിന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അടക്കം ലിബറൽ പാർട്ടിയും എൻഡിപിയും കൺസർവേറ്റീവ് പാർട്ടിയേക്കാൾ ബഹുദൂരം പിന്നിലാണ്. ഫെബ്രുവരി 18 വരെ പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവുകൾ മൊത്തം 234 സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എന്നാൽ, ലിബറൽ പാർട്ടി 147 സ്ഥാനാർത്ഥികളെ മാത്രമാണ് ഇതുവരെ നാമനിർദ്ദേശം ചെയ്തത്. 143 സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്ത് എൻഡിപി തൊട്ടുപിന്നിലുണ്ട്.

വിവിധ സർവേകളിൽ വളരെക്കാലമായി കൺസർവേറ്റീവ് പാർട്ടി നിലനിർത്തുന്ന 20 പോയിൻ്റ് ലീഡിൽ നിന്ന് അടുത്തിടെ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായ നിലയിലാണ് പാർട്ടി തുടരുന്നത്. ഈ മുൻകൈ നിലനിർത്താൻ നിലവിലെ എംപിമാരുടെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിക്കുന്നതിനൊപ്പം, മറ്റ് പൊതു ഓഫീസുകളിൽ നിന്നുള്ള രാഷ്ട്രീയക്കാരെയും ബിസിനസ്സ് നേതാക്കളെയും പാർട്ടി ലീഡർ പിയേർ പൊളിയേവ് സ്ഥാനാർത്ഥികളായി കൊണ്ടുവന്നിട്ടുണ്ട്. സീറ്റുകൾ നേടാൻ മികച്ച സാധ്യതയുള്ള സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നതെന്ന് മുൻ കൺസർവേറ്റീവ് കാമ്പെയ്ൻ സ്റ്റാഫ് ജാമി എല്ലെർട്ടൺ പറയുന്നു. കൺസർവേറ്റീവ് സ്ഥാനാർത്ഥികൾ ഒരു കാബിനറ്റ് മന്ത്രിയെയോ പുതുമുഖത്തെയോ നേരിടുകയാണെങ്കിൽ പോലും ജനങ്ങളുമായി അടുക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനാൽ അത് നേട്ടമാകുമെന്നും ജാമി എല്ലെർട്ടൺ പറഞ്ഞു.