ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രീമിയറായി വിദ്യാഭ്യാസ മന്ത്രി റോബ് ലാൻ്റ്സ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ചുമതലയേൽക്കും. PEI പ്രോഗ്രസീവ് കൺസർവേറ്റീവുകളുടെ നേതൃത്വവും പ്രീമിയർ സ്ഥാനവും രാജി വെക്കുന്നതായി പ്രീമിയർ ഡെന്നിസ് കിങ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2023-ൽ ഷാർലെറ്റ്ടൗൺ-ബ്രെറ്റൺ റൈഡിങ്ങിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട റോബ് ലാൻ്റ്സ് ഷാർലെറ്റ്ടൗൺ സിറ്റി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിഇഐ നിയമസഭ അടുത്തയാഴ്ച പുനരാരംഭിക്കും.

റോബ് ലാൻ്റ്‌സിനെ പിഇഐ പിസി പാർട്ടിയുടെ ഇടക്കാല നേതാവും പിഇഐയുടെ 34-ാമത് പ്രീമിയറായും തിരഞ്ഞെടുത്ത പിസി കോക്കസിൻ്റെ ശുപാർശ പാർട്ടി എക്‌സിക്യൂട്ടീവ് അംഗീകരിച്ചതായി പാർട്ടി പ്രസിഡൻ്റ് സിഡ്‌നി ഗാലൻ്റ് അറിയിച്ചു. 12 വർഷത്തെ ലിബറൽ ഭരണം അവസാനിപ്പിച്ച് 2019-ലാണ് ഡെന്നിസ് കിങ് ആദ്യമായി പ്രവിശ്യയുടെ പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2023 തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വീണ്ടും വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് മടങ്ങിയെത്തി.