ടൊറൻ്റോ : പ്രവിശ്യാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ, ഡഗ് ഫോർഡും പ്രോഗ്രസീവ് കൺസർവേറ്റീവുകളും ലീഡ് തുടരുന്നു. എന്നാൽ ടൊറൻ്റോയിൽ ലിബറലുകൾ നിലയുറപ്പിക്കുകയും ഹാമിൽട്ടൺ നയാഗ്ര മേഖലയിൽ എൻഡിപി ശക്തമായ പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തതോടെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ നേട്ടം ചുരുങ്ങിയതായി പുതിയ നാനോസ് റിസർച്ച് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത ഒൻ്റാരിയോയിലുടനീളമുള്ള വോട്ടർമാരിൽ 42.6% പേർ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയെ പിന്തുണയ്ക്കുന്നു. അതേസമയം ലിബറലുകൾക്ക് 30.5 ശതമാനവും എൻഡിപിയ്ക്ക് 18.6 ശതമാനവും ഗ്രീൻസ് പാർട്ടിക്ക് 6.2 ശതമാനവും പിന്തുണയുണ്ടെന്ന് കണ്ടെത്തി. എന്നാൽ, 11% വോട്ടർമാർ ഇതുവരെ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ നാനോസ് റിസർച്ച് സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രോഗ്രസീവ് കൺസർവേറ്റീവുകളുടെ പിന്തുണ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ സർവേയിൽ പിസി പാർട്ടിക്ക് 45.2% വോട്ടർമാരുടെ പിന്തുണ ലഭിച്ചിരുന്നു. ലിബറൽ പാർട്ടിക്കുള്ള പിന്തുണയിൽ നേരിയ ഇടിവ് മാത്രമാണ് ഉണ്ടായത് (0.8 പോയിൻ്റ് കുറഞ്ഞു). എന്നാൽ, മുമ്പുള്ള 16.8 ശതമാനത്തിൽ നിന്ന് 18.6 ശതമാനമായി വർധിച്ച എൻഡിപി ഏറ്റവും വലിയ നേട്ടം കൊയ്തത്. അതേസമയം ഗ്രീൻസ് പാർട്ടിക്കുള്ള പിന്തുണ 5.1 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഉയർന്നു.
ടൊറൻ്റോ ഒഴികെ പ്രവിശ്യയിലുടനീളം പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡ് ചെയ്യുന്നത് തുടരുന്നു. പക്ഷേ ലിബറൽ പാർട്ടിയുമായുള്ള വ്യത്യാസം 12 ശതമാനമായി കുറഞ്ഞതായി നാനോസ് റിസർച്ചിൻ്റെ ചീഫ് ഡാറ്റാ സയൻ്റിസ്റ്റ് നിക്ക് നാനോസ് പറഞ്ഞു. ടൊറൻ്റോയിൽ ലിബറലുകൾ മുന്നിലാണ്. പ്രവിശ്യയുടെ മറ്റു മേഖലകളിൽ പ്രോഗ്രസീവ് കൺസർവേറ്റീവുകൾ മുന്നേറ്റം തുടരുന്നുണ്ട്. എന്നാൽ, ഹാമിൽട്ടൺ നയാഗ്ര മേഖലയിൽ എൻഡിപി പിന്തുണ ഉയർന്നുവരുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

ജിടിഎയിൽ പ്രോഗ്രസീവ് കൺസർവേറ്റീവുകൾക്ക് മേധാവിത്വം നഷ്ടപ്പെടുന്നതായി സർവേ സൂചിപ്പിക്കുന്നു. മുമ്പ് ഈ മേഖലയിൽ 53.2% വോട്ടർമാരുടെ പിന്തുണ പിസികൾക്ക് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് 46.9 ശതമാനമായി കുറഞ്ഞു. ടൊറൻ്റോ നഗരത്തിലേക്ക് വരുമ്പോൾ, ലിബറലുകൾ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു. 42.6 ശതമാനമാണ് ലിബറൽ പാർട്ടിയ്ക്കുള്ള പിന്തുണ. ടൊറൻ്റോയിൽ 36.6 ശതമാനവുമായി ടോറികൾ രണ്ടാം സ്ഥാനത്തും എൻഡിപി മൂന്നാം സ്ഥാനത്തും (14.4 ശതമാനം), ഗ്രീൻസ് 3.8 ശതമാനവുമായി നാലാം സ്ഥാനത്തുമാണ്.

അതേസമയം സർവേയിൽ പങ്കെടുത്തവരിൽ 38.6% പേർ ഡഗ് ഫോർഡിനെ പ്രീമിയറായി തിരഞ്ഞെടുക്കുമെന്ന് പറഞ്ഞു. എന്നാൽ, മുൻ സർവേയിൽ നിന്നും അദ്ദേഹത്തിനുള്ള പിന്തുണ (41.4%) കുറഞ്ഞിട്ടുണ്ട്. ബോണി ക്രോംബിക്കുള്ള പിന്തുണ 26.8 ശതമാനത്തിൽ നിന്ന് ചെറുതായി കുറഞ്ഞ് 25.9 ശതമാനത്തിലായി. അതേസമയം, എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസിനുള്ള പിന്തുണ 14.2 ശതമാനത്തിൽ നിന്ന് 16.8 ശതമാനമായി ഉയർന്നു. ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർക്കുള്ള പിന്തുണ 6.6 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർന്നതായി സർവേ സൂചിപ്പിക്കുന്നു.