ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള താരിഫ് ഭീഷണി കാനഡയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതായി പുതിയ സർവേ റിപ്പോർട്ട്. ഫെബ്രുവരി 14 നും ഫെബ്രുവരി 17 നും ഇടയിൽ 1,550 കാനഡക്കാരിലും 1,000 അമേരിക്കക്കാരിലും നടത്തിയ ലെഗർ സർവേ പ്രകാരം ഏകദേശം പകുതി കാനഡക്കാരും അമേരിക്കൻ പൗരന്മാരും തങ്ങളുടെ രാജ്യങ്ങൾ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. 50 ശതമാനം കാനഡക്കാരും 51 ശതമാനം അമേരിക്കക്കാരും ഇരു രാജ്യങ്ങളും ഇതിനകം തന്നെ മാന്ദ്യത്തിലാണ് എന്ന് വിശ്വസിക്കുന്നതായി സർവേ പറയുന്നു. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന കനേഡിയൻ പൗരന്മാരിൽ 39% പേരും അടുത്ത 12 മാസത്തിനുള്ളിൽ തങ്ങളുടെ ജോലി നഷ്‌ടപ്പെടുമെന്ന ആശങ്ക പങ്കുവെച്ചു.

അതേസമയം ഇരുരാജ്യങ്ങളും ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിൽ അല്ലെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് പറയുന്നു. എന്നാൽ, ട്രംപിൻ്റെ ഭീഷണിയായ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തിയാൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുകയും അടുത്ത വേനൽക്കാലത്ത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും ചേംബർ റിപ്പോർട്ട് ചെയ്തു. താരിഫ് കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ 7,800 കോടി ഡോളറിൻ്റെ നഷ്ടമുണ്ടാക്കും. അതേസമയം യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 46,700 കോടി ഡോളറിൻ്റെ നഷ്ടമുണ്ടാക്കുമെന്നും ചേംബർ കണക്കാക്കുന്നു.