ടൊറൻ്റോ : വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ് ഒൻ്റാരിയോയിലെ പ്രധാന പാർട്ടി നേതാക്കൾ. പ്രോഗ്രസീവ് കൺസർവേറ്റീവ് ലീഡർ ഡഗ് ഫോർഡ് ഇന്ന് തണ്ടർ ബേ, ഇറോക്വോയിസ് ഫോൾസ്, ടിമ്മിൻസ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കും. എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ടൊറൻ്റോയിലും കിങ്സ്റ്റണിലും പ്രചാരണത്തിന് ചുക്കാൻ പിടിക്കും. തുടർന്ന് വൈകിട്ട് ഓട്ടവയിൽ നടക്കുന്ന സായാഹ്ന റാലിയിലും പങ്കെടുക്കും. ടൊറൻ്റോയിലെ നിരവധി റൈഡിങ്ങുകളിൽ പര്യടനം നടത്തുമെന്ന് ലിബറൽ ലീഡർ ബോണി ക്രോംബി അറിയിച്ചു. ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ കിച്ചനർ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കും.

ഫെബ്രുവരി 12-ന് ഗ്രീൻസ് പാർട്ടിയും വെള്ളിയാഴ്ച ലിബറൽ, എൻഡിപി പാർട്ടികളും മുഴുവൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പുറത്തിറക്കി. തിരഞ്ഞെടുപ്പ് ദിവസത്തിലേക്ക് ഒരാഴ്ചയിൽ താഴെ മാത്രം അവശേഷിക്കെ, പ്രോഗ്രസീവ് കൺസർവേറ്റീവുകൾ തിങ്കളാഴ്ച തങ്ങളുടെ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.