ടൊറൻ്റോ : പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ എയർലൈനെതിരെ കേസ് ഫയൽ ചെയ്ത് രണ്ടു യാത്രക്കാർ. അശ്രദ്ധ ആരോപിച്ച് ഡെൽറ്റ എയർ ലൈനിനും അനുബന്ധ സ്ഥാപനമായ എൻഡവർ എയറിനുമെതിരെയാണ് ജോർജിയയിലെയും മിനസോടയിലെയും യുഎസ് ഡിസ്ട്രിക്റ്റ് കോടതികളിൽ പ്രത്യേകം കേസുകൾ ഫയൽ ചെയ്തത്. വിമാനത്തിലെ യാത്രക്കാരായ ടെക്സസ് സ്വദേശി മാർതിനസ് ലോറൻസ്, മിനിയാപൊളിസ് സ്വദേശിനി ഹന്നാ ക്രെബ്സ് എന്നിവരാണ് കേസ് നൽകിയത്.

വിമാനത്തിൻ്റെ ഓപ്പറേഷൻ, മെയിൻ്റനൻസ്, മാനേജ്‌മെൻ്റ് എന്നിവയിൽ എയർലൈൻ അശ്രദ്ധ കാട്ടിയെന്നും ഇത് അപകടത്തിന് നേരിട്ട് കാരണമായെന്നും ഇരുവരും പരാതിപ്പെട്ടു. യാത്രക്കാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോൾ വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്ന നിയമപ്രകാരം ഇരുവരും നഷ്ടപരിഹാരത്തിന് അർഹരാണെന്നും അഭിഭാഷകർ പറയുന്നു. എന്നാൽ കേസിനെക്കുറിച്ച് ഡെൽറ്റ എയർലൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മിനസോടയിലെ മിനിയാപൊളിസ് സെൻ്റ് പോൾ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 21 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.