ഓട്ടവ : കാനഡ-യുഎസ് വ്യാപാരയുദ്ധം രാജ്യത്തെ ഭവനനിർമ്മാണ ചെലവ് ഉയർത്തുമെന്ന് ഭവനമന്ത്രി നഥാനിയേല്‍ എര്‍സ്‌കൈന്‍ സ്മിത്ത്. നിലവിൽ കാനഡ കടുത്ത ഭവനപ്രതിസന്ധി നേരിടുന്നതിനിടയിൽ ഭവനനിർമ്മാണ ചെലവ് ഉയരുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു. മിക്ക കനേഡിയന്‍, മെക്‌സിക്കന്‍ ഉൽപ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25% താരിഫ് മാര്‍ച്ച് 4 വരെ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ട്രംപ് കനേഡിയന്‍ ഉൽപ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തിയാല്‍ കാനഡയും താരിഫ് ചുമത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസ് താരിഫുകളെ പ്രതിരോധിക്കുക എന്നതാണ് കാനഡയുടെ പ്രധാന വെല്ലുവിളി. എന്നാൽ, താരിഫ് വർധനയ്ക്ക് ഒപ്പം നിർമ്മാണ വസ്തുക്കളുടെ വില ഉയരുന്നത് ഭവനനിർമ്മാണം കടുത്ത വെല്ലുവിളിയാകുമെന്നും മന്ത്രി അറിയിച്ചു. ഭവനനിര്‍മ്മാണം ഇതിനകം തന്നെ വളരെയധികം സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയമാണ്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍, പ്ളബിങ് ഫിക്ചറുകള്‍ തുടങ്ങിയ ഇനങ്ങളുടെ വില ഉയരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. കാനഡ കൗണ്ടര്‍-താരിഫ് ചുമത്തുമ്പോൾ റെസിഡന്‍ഷ്യല്‍ സപ്ലൈ ശൃംഖലയിലെ കനേഡിയന്‍ ഇറക്കുമതിക്കാര്‍ യുഎസ് ഉൽപ്പന്നങ്ങൾക്ക് പകരം മറ്റു മാർഗ്ഗങ്ങൾ തേടേണ്ടി വരും.