Tuesday, December 23, 2025

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചു

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ഗുരുതരാവസ്ഥ തുടരുകയാണെന്നും വത്തിക്കാന്‍. പരിശോധനകളും ചികിത്സകളും തുടരുകയാണ്. അദ്ദേഹം ഇന്നലെ ചില ഔദ്യോഗിക ജോലികള്‍ ചെയ്‌തെന്നും ഗാസയിലെ ഇടവകയിലേക്ക് ഫോണില്‍ ബന്ധപ്പെട്ടെന്നും വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആസ്മ പോലെ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളില്ല. രക്തപരിശോധനാഫലം ഉള്‍പ്പെടെ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചാണു മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. ഇതിനിടയില്‍ അദ്ദേഹം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് ആര്‍ച്ച്ബിഷപ് എഡ്ഗര്‍ പെന പരായുമായി ഔദ്യോഗികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പുതുതായി രണ്ടു പേരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചു. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.

മാര്‍പാപ്പയുടെ അനുമതി വേണ്ട ചില നിയമനങ്ങളിലും തീരുമാനമെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമാണ് മാര്‍പാപ്പ കര്‍ദിനാള്‍ പരോളിനുമായി ചര്‍ച്ച നടത്തുന്നത്. ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാല്‍ സ്ഥിതി സങ്കീര്‍ണമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്കയുടെ പ്രവര്‍ത്തനത്തെ നേരിയതോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണത്തിലാണ്. ഓക്‌സിജന്‍ തെറപ്പി തുടരുന്നു. ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ട്. ഈ മാസം 14ന് ആണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!