Friday, October 24, 2025

നാഗര്‍കര്‍ണുലില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 72 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കര്‍ണുലില്‍ ശ്രീശൈലം ഇടതുകര കനാല്‍ പദ്ധതി (SLBC) യുടെ തുരങ്കനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്‌കരമായി തുടരുന്നു. തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ട് 72 മണിക്കൂര്‍ പിന്നിട്ടു. തുരങ്കത്തിന്റെ മേല്‍ക്കൂര ഇടിയുമെന്ന് മുന്നറിയിപ്പുണ്ട്. മേല്‍ക്കൂരയുടെ ഭാഗങ്ങളിലൂടെ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാല്‍ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാഗര്‍കര്‍ണുല്‍ ജില്ലാ കലക്ടര്‍ ബി.സന്തോഷ് അറിയിച്ചു. അവസാന 40- 50 മീറ്ററിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും മറ്റു ചില ആളുകളുടെയും ഉപദേശങ്ങള്‍ തേടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുടുങ്ങിക്കിടക്കുന്നവരുടെ അര കിലോമീറ്റര്‍ അടുത്തുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാല്‍ മുന്നോട്ടു നീങ്ങാനാവുന്നില്ല. റാറ്റ് മൈനേഴ്‌സ് സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നാണ് തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു പറയുന്നത്.
രണ്ട് എന്‍ജിനീയര്‍മാര്‍, രണ്ട് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, നാല്് തൊഴിലാളികള്‍ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റര്‍ ഉള്ളില്‍ കുടുങ്ങിയത്. ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് സ്വദേശികളാണിവര്‍. 25 അടി കനത്തില്‍ ചെളി നിറഞ്ഞ തുരങ്കത്തില്‍ ഇവരുടെ അടുത്തെത്തണമെങ്കില്‍ ഇപ്പോഴത്തെ രീതിയില്‍ 4 ദിവസമെങ്കിലും വേണം. രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

ടണല്‍ കുഴിക്കാന്‍ ഉപയോഗിച്ചിരുന്ന വലിയ ഭാരമുള്ള കൂറ്റന്‍ യന്ത്രം മണ്ണിടിച്ചിലുണ്ടായപ്പോഴുണ്ടായ ചെളിയുടെ പ്രവാഹത്തില്‍ 200 മീറ്ററോളം അകലേയ്ക്ക് ഒലിച്ചുപോയെന്നു മന്ത്രി പറഞ്ഞു. സൈന്യം, ദേശീയ ദുരന്തനിവാരണ സേന എന്നിവയ്ക്കൊപ്പം വിവിധ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. രണ്ടു മന്ത്രിമാരും മേല്‍നോട്ടം വഹിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!