കെബെക്ക് സിറ്റി : വിദേശ വിദ്യാർത്ഥികൾക്ക് പ്രവിശ്യയിൽ പഠിക്കാൻ ആവശ്യമായ പെർമിറ്റുകളുടെ എണ്ണം 20% വെട്ടിക്കുറച്ച് (സർട്ടിഫിക്കറ്റുകൾ ഡി’അക്സെപ്റ്റേഷൻ ഡു കെബെക്ക് – സിഎക്യു) കെബെക്ക് സർക്കാർ. പ്രവിശ്യയിൽ സ്ഥിരതാമസക്കാരല്ലാത്ത ആളുകളുടെ എണ്ണം ഉയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പാസ്കൽ ഡെറി പറയുന്നു.

2024 ഒക്‌ടോബർ 1 ലെ കണക്കനുസരിച്ച്, സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം ഏകദേശം 615,000 ആയതായി അദ്ദേഹം പറഞ്ഞു. ഇതിൽ ഏകദേശം 129,000 (21%) വിദേശ വിദ്യാർത്ഥികളാണ്. ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് പ്രോഗ്രാം വഴി കെബെക്കിൽ സ്റ്റഡി പെർമിറ്റ് ലഭിച്ചവരുടെ എണ്ണം 2014-നും 2023-നും ഇടയിൽ 140% വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവിശ്യയിലെ നിരവധി സ്വകാര്യ കോളേജുകൾ വിദേശ വിദ്യാർത്ഥികളെ ഹ്രസ്വകാല കോഴ്‌സുകൾ വഴി സ്വീകരിക്കുന്നുണ്ട്. ഇത് അവരെ വേഗത്തിൽ സ്ഥിരതാമസാവകാശം നേടാൻ പ്രാപ്തരാക്കുന്നതായി മന്ത്രി പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ എണ്ണത്തിൽ എത്രമാത്രം കുറവുണ്ടാകുമെന്ന് വ്യക്തമല്ല.