ടെക്സസ് : അഞ്ചാംപനി ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ വെസ്റ്റ് ടെക്സസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ മരിച്ചു. ടെക്സസ് ടെക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെൻ്റർ വക്താവ് മെലിസ വിറ്റ്ഫീൽഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ പ്രായം വ്യക്തമല്ല.

കഴിഞ്ഞ മാസം ആരംഭം മുതൽ നഗരത്തിൽ അഞ്ചാംപനി പടർന്നു പിടിച്ചിരുന്നു. വെസ്റ്റ് ടെക്സസിലെ ഗ്രാമങ്ങളിൽ അഞ്ചാംപനി പടർന്നുപിടിച്ചതോടെ ഒമ്പത് കൗണ്ടികളിലായി 124 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കിഴക്കൻ ന്യൂ മെക്സിക്കോയിലും ഒമ്പത് കേസുകളുണ്ട്. രണ്ട് മണിക്കൂർ വരെ വായുവിൽ നിലനിൽക്കാൻ കഴിയുന്ന വൈറസാണ് അഞ്ചാംപനി. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കനുസരിച്ച്, രോഗസാധ്യതയുള്ള 10 പേരിൽ 9 പേർക്കും വൈറസ് ബാധയുണ്ടാകാം. മിക്ക കുട്ടികളും അഞ്ചാംപനി പിടിപെട്ടാൽ സുഖം പ്രാപിക്കും. എന്നാൽ അണുബാധ ന്യുമോണിയ, അന്ധത, മസ്തിഷ്ക വീക്കം, മരണം തുടങ്ങിയ അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.