കെബെക്ക് സിറ്റി : കെബെക്കിലെ ഏറ്റവും തിരക്കേറിയ ബോർഡർ ക്രോസിങ് ആയ സെൻ്റ്-ബെർണാർഡ്-ഡി-ലാക്കോൾ ബോർഡർ ക്രോസിങ് ആധുനികവൽക്കരിക്കുന്നു. ഈ നവീകരണ പദ്ധതിക്കായി മൂന്നു വർഷത്തിനുള്ളിൽ 10 കോടി ഡോളർ നിക്ഷേപിക്കുമെന്ന് കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. അതിർത്തി സുരക്ഷ ഉറപ്പു വരുത്തുന്നതിനും നവീകരിച്ച സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമായി ഈ നിക്ഷേപം സഹായിക്കും. ന്യൂയോർക്കിനും മൺട്രിയോളിനും ഇടയിൽ വ്യാപാരത്തിനും യാത്രയ്ക്കുമുള്ള പ്രധാന കവാടമായ ഈ ക്രോസിങ് വഴി ഓരോ വർഷവും ഇരുപത് ലക്ഷത്തോളം യാത്രക്കാരും മൂന്ന് ലക്ഷത്തിലധികം വാണിജ്യ വാഹനങ്ങളും കടന്നുപോകുന്നുണ്ട്.

ഈ ആധുനികവൽക്കരണ പദ്ധതിയിലൂടെ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും പ്രയോജനം ലഭിക്കുമെന്ന് സിബിഎസ്എ കെബെക്ക് റീജനൽ ഡയറക്ടർ ജനറൽ എറിക് ലാപിയർ പറയുന്നു. ലാക്കോളിലെ ചില കെട്ടിടങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അവയ്ക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ സമയത്ത് പഴയ കെട്ടിടങ്ങളിലെ പ്രവർത്തനം തുടരും. കൂടാതെ ബസ് പാസഞ്ചർ പ്രോസസ്സിങ് പ്രവർത്തനങ്ങൾ സൈറ്റിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. അഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾക്ക് ഇനി ഈ പോർട്ട് ഓഫ് എൻട്രി വഴി കാനഡയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.