ഓട്ടവ : എങ്ങനെയെങ്കിലും ഒരു ജോലിതരപ്പെടുത്തി ജീവിതം രക്ഷപ്പെടുത്തണമെന്ന സ്വപ്നവുമായാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി ഇടനിലക്കാര്‍ക്ക് പണം നല്‍കി അനധികൃത കുടിയേറ്റക്കാരായി പല രാജ്യങ്ങളിൽ നിന്നും ആളുകൾ കാനഡയിലേക്ക് എത്തുന്നത്. ഇടനിലക്കാരായി വൻ സംഘം തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ കാനഡയിൽ എത്തിയ ശേഷം അഭയാർത്ഥി ക്ലെയിം അപേക്ഷ നൽകി നിരസിക്കപ്പെട്ട നിരവധി ആളുകളെയാണ് കാനഡ കഴിഞ്ഞ വർഷം നാടുകടത്തിയത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നാടുകടത്തലാണ് കഴിഞ്ഞ വർഷം കാനഡ നടത്തിയത്. അഭയാർത്ഥി ക്ലെയിമുകളുടെ വർധിച്ചു വരുന്ന ബാക്ക് ലോഗും രാജ്യത്തുടനീളമുള്ള ഭവനപ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് കാനഡ സർക്കാർ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത്. നവംബർ അവസാനത്തോടെ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി അധികാരത്തിലെത്തിയ 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് കാനഡയുടെ നാടുകടത്തൽ സംഖ്യകൾ എത്തി.

അതേസമയം ഈ വർഷം നാടുകടത്തലുമായി ബന്ധപ്പെട്ട ചെലവുകൾക്കായി കൂടുതൽ തുക സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ നാടുകടത്താനുള്ള ശ്രമത്തിലാണ് കാനഡ. ഇതിനായി കാനഡ കഴിഞ്ഞ വർഷം അവസാനം മൂന്ന് വർഷത്തേക്ക് മൂന്ന് കോടി അഞ്ച് ലക്ഷം ഡോളർ വകയിരിത്തിയിട്ടുണ്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസി 2023-24-ൽ നാടുകടത്തലിനായി 6 കോടി 58 ലക്ഷം ഡോളർ ചെലവഴിച്ചു, മുൻ വർഷം 5 കോടി 60 ലക്ഷം ഡോളർ ആയിരുന്നു.
2024 ജനുവരി ഒന്നിനും നവംബർ 19-നും ഇടയിൽ കാനഡ 7,300 പേരെ നാടുകടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് 8.4 ശതമാനവും 2022-നെ അപേക്ഷിച്ച് 95% വർധനയും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ 11 മാസത്തിനുള്ളിൽ നാടുകടത്തപ്പെട്ട 7,300 പേരിൽ 79 ശതമാനവും അഭയാർത്ഥി ക്ലെയിം അപേക്ഷ നൽകി അവ നിരസിക്കപ്പെട്ടതിനാൽ നാടുകടത്തപ്പെട്ടവരാണ്. കഴിഞ്ഞ വർഷം നവംബർ 19 വരെ നാടുകടത്തപ്പെട്ടവരിൽ ഏകദേശം 11% ആളുകളെ അഭയാർത്ഥി ക്ലെയിമുമായി ബന്ധമില്ലാത്ത കാനഡയിൽ താമസിക്കുന്നതിൻ്റെ വ്യവസ്ഥകൾ പാലിക്കാത്തതിൻ്റെ പേരിൽ പുറത്താക്കി. ഉദാഹരണത്തിന് വീസ കാലാവധി കഴിഞ്ഞ ശേഷവും കാനഡയിൽ താമസിച്ചതിന്. കൂടാതെ കാനഡയിലോ മറ്റെവിടെയെങ്കിലുമോ കുറ്റകൃത്യം ചെയ്തതിനാൽ ഏകദേശം 7% പേരും നാടുകടത്തപ്പെട്ടു.

നാടുകടത്തലുകളുടെ ഈ വർധന 2020 മുതൽ അഭയാർത്ഥി ക്ലെയിമിനായി അപേക്ഷിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാനഡയുടെ ബോർഡർ ഏജൻസി പറയുന്നു. എന്നാൽ ബോർഡർ ഏജൻസി 2024-ലെ യഥാർത്ഥ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം കാനഡയുടെ അഭയ സമ്പ്രദായത്തിൻ്റെ സമഗ്രത നിലനിർത്തുന്നതിന് ഈ ശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഡേവിഡ് മക്ഗിൻ്റിയുടെ വക്താവ് ലൂക്ക് റീമർ അറിയിച്ചു. ജൂലൈയിലെ 19,821-ൽ നിന്ന് ജനുവരിയിൽ പ്രതിമാസ എണ്ണം 11,838 ആയി കുറഞ്ഞെങ്കിലും കാനഡ റെക്കോർഡ് അഭയാർത്ഥി ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 278,457 ക്ലെയിമുകൾ തീർപ്പുകൽപ്പിക്കാതെയുണ്ട്.