ടൊറൻ്റോ : ഒൻ്റാരിയോയിൽ ഇന്ന് തിരഞ്ഞെടുപ്പ് ദിനം. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പ്രവിശ്യയിലുടനീളമുള്ള വോട്ടർമാർ 44-ാമത് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് എത്തും. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (ഫെബ്രുവരി 27) രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വോട്ടിങ്. വോട്ടുചെയ്യാൻ, നിങ്ങൾ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും കനേഡിയൻ പൗരനും ഒൻ്റാരിയോയിലെ താമസക്കാരനും ആയിരിക്കണം.

മൂന്നാമത്തെ ഭൂരിപക്ഷ സർക്കാർ നേടാമെന്ന പ്രതീക്ഷയിൽ ഡഗ് ഫോർഡ് തൻ്റെ പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടിയെ മൂന്നാം തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നു. കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിനേക്കാൾ വൻ ഭൂരിപക്ഷമാണ് ഇത്തവണ ഫോർഡും പാർട്ടിയും പ്രതീക്ഷിക്കുന്നത്.
ഒരു വർഷം മുമ്പ് 2023 ഡിസംബറിൽ പാർട്ടി ലീഡറായി സ്ഥാനമേറ്റ ബോണി ക്രോംബി ആദ്യമായി ഒൻ്റാരിയോ ലിബറൽ പാർട്ടിയെ തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നു. കഴിഞ്ഞ രണ്ട് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തെ മറികടന്ന് പാർട്ടിയെ ഔദ്യോഗിക പാർട്ടി പദവിയിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ബോണി ക്രോംബി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതേസമയം, ഒൻ്റാരിയോ എൻഡിപിയുടെ ബാനർ മാരിറ്റ് സ്റ്റൈൽസ് വഹിക്കുന്നു. പാർട്ടി ലീഡറായി മാറിയതിന് ശേഷം ഇതാദ്യമായാണ് മാരിറ്റ് സ്റ്റൈൽസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും ലിബറൽ പാർട്ടി നേട്ടമുണ്ടാക്കിയാൽ ഔദ്യോഗിക പ്രതിപക്ഷമെന്ന പദവിയിലേക്ക് എത്തുക എന്നത് പോലും പാർട്ടിക്ക് വെല്ലുവിളിയാണ്.
തൻ്റെ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൈക്ക് ഷ്രെയ്നർ ഒൻ്റാരിയോ ഗ്രീൻ പാർട്ടിയെ നയിക്കുന്നു. 2022-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർട്ടിക്കായി ഒരു സീറ്റ് നേടി. തുടർന്ന് 2023-ൽ കിച്ചനർ സെൻ്റർ ഉപതിരഞ്ഞെടുപ്പിൽ ഗ്രീൻസ് മറ്റൊരു സീറ്റുകൂടി സ്വന്തമാക്കി. ഈ രണ്ടു സീറ്റുകൾ നിലനിർത്തുന്നതിന് ഒപ്പം മറ്റു റൈഡിങ്ങുകളിൽ നേട്ടമുണ്ടാക്കാമോ എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.

41% വോട്ടർമാരുടെ പിന്തുണയോടെ ഡഗ് ഫോർഡിന്‍റെ ടോറികൾ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറ്റവും പുതിയ സർവേ സൂചിപ്പിക്കുന്നു. ലിബറലുകൾക്ക് 28.7 ശതമാനവും എൻഡിപിക്ക് 14.8 ശതമാനവും ഗ്രീൻ പാർട്ടിക്ക് 3.5 ശതമാനവും വോട്ടർമാരുടെ പിന്തുണയാണ് സർവേ പ്രവചിക്കുന്നത്. 1.8% പേർ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്യാൻ പദ്ധതിയിടുമ്പോൾ 10.3 % പേർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പറയുന്നു.