കെബെക്ക് സിറ്റി : ഓട്ടോ ഇൻഷുറൻസ് ബോർഡിൻ്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം അഴിമതിയുമായി ബന്ധപ്പെട്ട് കെബെക്ക് സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ടെക്‌നോളജി മന്ത്രി എറിക് കെയർ രാജിവച്ചു. SAAQclic ഓൺലൈൻ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്യുന്നതിന് 50 കോടി ഡോളർ ചിലവ് വന്നതായി പ്രവിശ്യയിലെ ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് രാജി.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എറിക് കെയറിന്‍റെ രാജിക്കായി സമ്മർദ്ദം വർധിച്ചിരുന്നു. പ്രത്യേകിച്ചും വാഹന ഇൻഷുറൻസ് ബോർഡിനെ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ അദ്ദേഹം സഹായിച്ചുവെന്ന വാർത്താ റിപ്പോർട്ടുകൾക്ക് ശേഷം. കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് പിന്തുണച്ചതോടെ സ്ഥാനമൊഴിയില്ലെന്ന് മന്ത്രി എറിക് കെയർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം കെയറിൻ്റെ പകരക്കാരനെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് അറിയിച്ചു.