വൻകൂവർ : പക്ഷിപ്പനി മൂലം അമേരിക്കയിൽ മുട്ട വില കുതിച്ചുയർന്നതോടെ കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള മുട്ടക്കടത്ത് തടയാൻ അമേരിക്കൻ അതിർത്തി ഏജൻ്റുമാർ നെട്ടോട്ടമോടുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് അതിർത്തിയിൽ നിന്നും മുട്ട പിടിച്ചെടുക്കലിൽ 40% വർധന ഉണ്ടായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. പക്ഷിപ്പനി പോലുള്ള രോഗങ്ങൾ കാരണം, യുഎസിലേക്ക് മുട്ട ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്.

2025-ൽ മുട്ട വില 40 ശതമാനത്തിലധികം ഉയരുമെന്ന് യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് പ്രവചിക്കുന്നതിനിടെയാണ് മുട്ട പിടിച്ചെടുക്കൽ. യുഎസിൽ മുട്ടയുടെ വില കുതിച്ചുയരാനുള്ള പ്രധാന കാരണം ഏവിയൻ ഫ്ലൂ വൈറസിൻ്റെ വ്യാപനം പരിമിതപ്പെടുത്താൻ 166 ലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കി എന്നതാണ്. മുട്ടയിടുന്ന കോഴികളായിരുന്നു കൂടുതലും. പക്ഷിപ്പനി പടരുന്നതിന് മുമ്പത്തെ അപേക്ഷിച്ച് മുട്ട വില ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. യു.എസിലെ ചില സ്ഥലങ്ങളിൽ ഉപഭോക്താക്കൾ ഒരു മുട്ടയ്‌ക്ക് ഒരു ഡോളറിൽ കൂടുതൽ ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.