ഓട്ടവ : റഷ്യയുടെ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത് കാനഡയിൽ എത്തിയ യുക്രേനിയൻ പൗരന്മാർക്കുള്ള താൽക്കാലിക വീസ അപേക്ഷാ സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി കാനഡ. കാനഡ-യുക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ പ്രോഗ്രാമിന് കീഴിൽ പുതിയതോ പുതുക്കിയതോ ആയ ജോലിക്കും പഠനാനുമതികൾക്കും അപേക്ഷിക്കാനുള്ള പുതിയ സമയപരിധി 2026 മാർച്ച് 31 വരെ നീട്ടിയതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. നിലവിൽ ഈ പ്രോഗ്രാം വഴി ഏകദേശം 300,000 യുക്രേനിയൻ പൗരന്മാർ കാനഡയിൽ എത്തിയിട്ടുണ്ട്.

യുക്രേനിയൻ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാനും രാജ്യം സുരക്ഷിതമാകുമ്പോൾ മടങ്ങി പോകാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡ-യുക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ പ്രോഗ്രാം ആരംഭിച്ചത്. അതേസമയം പ്രോഗ്രാമിലൂടെയുള്ള സൗജന്യ സെറ്റിൽമെൻ്റ് സേവനങ്ങളിലേക്കുള്ള ആക്‌സസ് 2025 മാർച്ച് 31-ന് കാലഹരണപ്പെടും.