ടൊറൻ്റോ : നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും കനത്ത മഞ്ഞുവീഴ്ച പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. മണിക്കൂറിൽ 2 മുതൽ 4 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് നഗരത്തിൽ നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരവുമാണ് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. അതിനാൽ ഉച്ചകഴിഞ്ഞ് യാത്ര ദുഷ്കരമാകും, കാനഡയുടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. മിസ്സിസാഗ, ബ്രാംപ്ടൺ, വോൺ, റിച്ച്‌മണ്ട് ഹിൽ, മാർക്കം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. വടക്കൻ ഒൻ്റാരിയോയിൽ തണ്ടർ ബേയിൽ ഏകദേശം 15 സെൻ്റിമീറ്റർ മഞ്ഞ് വീഴും. ലണ്ടൻ ഒൻ്റാരിയോയിലും നയാഗ്ര മേഖലയിലും മഴയും മഞ്ഞുമഴയും പ്രതീക്ഷിക്കുന്നു.

ടൊറൻ്റോയിൽ ഉച്ചയോടെ 5 മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴും. ഇത് വൈകുന്നേരത്തോടെ 10 സെൻ്റീമീറ്ററിലധികമായി ഉയരും. ടൊറൻ്റോയിലെ പകൽസമയത്ത് ഉയർന്ന താപനില 1 ഡിഗ്രി സെൽഷ്യസിൽ എത്തും. വൈകുന്നേരം താപനില 2 ഡിഗ്രി സെൽഷ്യസും രാത്രിയിൽ തണുപ്പ് മൈനസ് 6 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ചെയ്യും.