ഓട്ടവ : ഈ വർഷത്തെ സീസൺ തീവ്രമായി തുടരുമ്പോൾ കാനഡയിലുടനീളം ഫ്ലൂ ബാധിതരുടെ എണ്ണം വർധിക്കുന്നതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). കഴിഞ്ഞ ആഴ്‌ചയിൽ നിന്ന് 0.7% വർധിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ പോസിറ്റിവിറ്റി നിരക്ക് 27.7 ശതമാനമായി ഉയർന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് 2023-24 ഫ്ലൂ സീസണിലെ ഏറ്റവും ഉയർന്ന നിരക്കായ 18.7 ശതമാനത്തെ മറികന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. കാനഡയിലുടനീളം ഫെബ്രുവരി 22 വരെ 12,466 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഹെൽത്ത് ഏജൻസിയുടെ കണക്കുകൾ പ്രകാരം തൊണ്ണൂറ്റിരണ്ട് ശതമാനം കേസുകളും ഇൻഫ്ലുവൻസ ടൈപ്പ് എ ബാധിതരാണ്, എട്ട് ശതമാനം മാത്രമാണ് ടൈപ്പ് ബി. ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ ബാധിതർ 65 വയസും അതിൽ കൂടുതലുമുള്ളവരാണ്. ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ഫ്ലൂ ബാധിതരെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പനി, ചുമ, ശരീരവേദന, വിറയൽ, ക്ഷീണം, തലവേദന, തൊണ്ടവേദന, വിശപ്പില്ലായ്മ, മൂക്കൊലിപ്പ് എന്നിവയാണ് ഇൻഫ്ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ സാധാരണയായി എക്സ്പോഷർ കഴിഞ്ഞ് ഒന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടുകയും 10 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യും.