ഓട്ടവ : രാജ്യതലസ്ഥാനത്ത് വാഹനത്തിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി ഓട്ടവ അഗ്നിശമന സേനാംഗങ്ങൾ. ഓട്ടവ സർവകലാശാലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ ആറരയോടെ ലോറിയർ അവന്യൂ ഈസ്റ്റിൻ്റെയും കംബർലാൻഡ് സ്ട്രീറ്റിൻ്റെയും ഇന്‍റർസെക്ഷനിലായിരുന്നു സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഇയാളുടെ കൈ വാഹനത്തിൻ്റെ ആക്‌സിലിൽ കുടുങ്ങിയതായി കണ്ടെത്തി. രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പായി വാഹനം നീങ്ങി പോകാതിരിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ക്രിബിംഗ് ഉപയോഗിച്ചതായി OFS അറിയിച്ചു. തുടർന്ന് ലിഫ്റ്റ് ബാഗുകളും ജാക്കിയും ഉപയോഗിച്ച് വാഹനം ഉയർത്തി കുടുങ്ങിയ ആളെ രക്ഷപ്പെടുത്തുകയായിരുന്നു. രാവിലെ ഏഴരയോടെ ഇയാളുടെ കൈ വാഹനത്തിൻ്റെ ആക്‌സിലിൽ നിന്നും മോചിപ്പിക്കുകയും വാഹനത്തിൻ്റെ അടിയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. അതേസമയം ഇയാൾ എങ്ങനെയാണ് വാഹനത്തിന് അടിയിൽ കുടുങ്ങിയതെന്ന് വ്യക്തമല്ല.