എഡ്മിന്‍റൻ : വേതന വർധന ആവശ്യപ്പെട്ട് എഡ്യൂക്കേഷൻ സപ്പോർട്ട് ജീവനക്കാരുടെ സമരം മൂന്നാം മാസത്തിലേക്ക് കടന്നതോടെ എഡ്മിന്‍റൻ പബ്ലിക് സ്കൂൾ ബോർഡ് ട്രസ്റ്റി മാർസിയ ഹോൾ രാജിവച്ചു. തൊഴിൽ തർക്കം കാരണം സ്ഥാനമൊഴിയുന്ന രണ്ടാമത്തെ ട്രസ്റ്റിയാണ് മാർസിയ.

ഇതിനിടെ ആൽബർട്ടയിലെ കൂടുതൽ സ്‌കൂളുകളിലെ എഡ്യൂക്കേഷൻ സപ്പോർട്ട് ജീവനക്കാർ സമരരംഗത്തേക്ക് എത്തിയിട്ടുണ്ട്. ജാസ്പർ, ഹിൻ്റൺ, എഡ്‌സൺ, ഗ്രാൻഡെ കാഷെ എന്നിവ ഉൾക്കൊള്ളുന്ന ഗ്രാൻഡ് യെല്ലോഹെഡ് സ്‌കൂൾ ഡിവിഷനിലെ 82% പേർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. ഗ്രാൻഡ് യെല്ലോഹെഡ് സ്‌കൂൾ ഡിവിഷനിലെ തൊഴിലാളികൾ പണിമുടക്കുകയാണെങ്കിൽ, പിക്കറ്റ് ലൈനിലെത്തുന്ന ആൽബർട്ടയിലെ സ്‌കൂളുകളിലെ പത്താമത്തെ യൂണിയനായിരിക്കും അവർ.

അതേസമയം പ്രവിശ്യയിലുടനീളം വർധിച്ചു വരുന്ന പണിമുടക്കുകൾക്ക് പ്രവിശ്യ സർക്കാരിനെ കുറ്റപ്പെടുത്തി എഡ്യൂക്കേഷൻ സപ്പോർട്ട് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ രംഗത്ത് എത്തി. പ്രവിശ്യാ സർക്കാർ സ്വതന്ത്രമായും ന്യായമായും കരാറിലെത്താൻ അനുവദിക്കുകയാണെങ്കിൽ പണിമുടക്കുന്ന എല്ലാ ജീവനക്കാരും സ്കൂളിൽ തിരികെ എത്തുമെന്ന് CUPE യൂണിയൻ ആൽബർട്ട പ്രസിഡൻ്റ് റോറി ഗിൽ പറയുന്നു.