ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൻ്റെ 33-ാമത് പ്രീമിയർ സ്ഥാനം രാജിവെച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡെന്നിസ് കിങിന് പുതിയ പദവി നൽകി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഡെന്നിസ് കിങിനെ അയർലണ്ടിലെ അംബാസഡറായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അംബാസഡർ എന്ന നിലയിൽ, ഡെന്നിസ് കിങ് ട്രാൻസ്അറ്റ്‌ലാൻ്റിക് സുരക്ഷ ശക്തിപ്പെടുത്തുക,വ്യാപാരവും നിക്ഷേപവും വികസിപ്പിക്കുക തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

ആറുവർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം ഫെബ്രുവരി 21-നാണ് ഡെന്നിസ് കിങ് ഔദ്യോഗികമായി പ്രീമിയർ സ്ഥാനം രാജിവച്ചത്. 12 വർഷത്തെ ലിബറൽ ഭരണം അവസാനിപ്പിച്ച് 2019-ലാണ് ഡെന്നിസ് കിങ് ആദ്യമായി പ്രവിശ്യയുടെ പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2023 തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വീണ്ടും വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് മടങ്ങിയെത്തി. 1971-ൽ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ജോർജ്ജ്ടൗണിൽ ജനിച്ച കിങ്, ഒൻ്റാരിയോയിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം ഈസ്റ്റേൺ ഗ്രാഫിക്കിൻ്റെ റിപ്പോർട്ടറായും ഐലൻഡ് ഫാർമറിൻ്റെയും അറ്റ്ലാൻ്റിക് ഫിഷിൻ്റെയും എഡിറ്ററായും സേവനമനുഷ്ഠിച്ചു. മുൻ പ്രീമിയർ പാറ്റ് ബിൻസിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ഡെന്നിസ് കിങ് പ്രവർത്തിച്ചിട്ടുണ്ട്.