ഓട്ടവ : ലിബറൽ പാർട്ടി നേതൃത്വത്തിൽ നിന്നും പ്രധാനമന്ത്രി പദത്തിൽ നിന്നും ജസ്റ്റിൻ ട്രൂഡോയുടെ രാജി പാർട്ടിക്ക് ഗുണം ചെയ്യുന്നതായി പുതിയ സർവേ ഫലം. രണ്ടു വർഷത്തിലേറെയായി വിവിധ സർവേകളിൽ പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി ഒന്നാം സ്ഥാനത്താണെങ്കിലും ജനപിന്തുണയിൽ ഇടിവ് ഉണ്ടായതായി സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ സർവേ പ്രകാരം ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും തമ്മിലുള്ള വ്യത്യാസം 6 പോയിൻ്റ് മാത്രമാണ്. ലിബറലുകൾ തങ്ങളുടെ പുതിയ നേതാവിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ സർവേ ഫലം പാർട്ടിക്ക് അനുകൂലമായി വരുന്നത്.

നിലവിൽ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് 39% വോട്ടർമാരുടെ പിന്തുണ ലഭിക്കുമെന്ന് സർവേയിൽ പറയുന്നു. അതേസമയം കഴിഞ്ഞ സർവേയെ അപേക്ഷിച്ച് 4% പിന്തുണ വർധിപ്പിച്ച് ലിബറൽ പാർട്ടിക്ക് 33% വോട്ടർമാരുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. എൻഡിപിക്ക് 14% വോട്ടർമാരുടെയും ബ്ലോക്ക് കെബെക്കോയിസിന് ഏഴു ശതമാനവും ഗ്രീൻസ് പാർട്ടിക്ക് നാല് ശതമാനം വോട്ടർമാരുടെ പിന്തുണയും ലഭിച്ചതായി സർവേയിൽ പറയുന്നു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ കൺസർവേറ്റീവ് പാർട്ടി വ്യക്തമായ മുൻതൂക്കം നേടുമെന്ന് സർവേ പ്രവചിക്കുന്നു. അതേസമയം ഒൻ്റാരിയോ, കെബെക്ക്, ന്യൂബ്രൺസ്വിക്, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിൽ ലിബറൽ പാർട്ടി ലീഡ് നേടുമെന്നും സർവേ സൂചിപ്പിക്കുന്നു. ആകെയുള്ള 343 സീറ്റിൽ 160 സീറ്റുകൾ കൺസർവേറ്റീവിനും, ലിബറലുകൾക്ക് 139 സീറ്റുകളും, ബ്ലോക് കെബക്കോയിസിന് 28 സീറ്റുകളും, എൻഡിപിയ്ക്ക് -14 സീറ്റുകളും, ഗ്രീൻ പാർട്ടിയ്ക്ക് രണ്ട് സീറ്റുകളും ആണ് സർവേ പ്രവചിക്കുന്നത്.

ഒരു വേളയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും കൈവിട്ട് പോകും എന്ന അവസ്ഥയിൽ ആയിരുന്നു ലിബറലുകൾ വലിയ ഒരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. പാർട്ടി ഏറ്റവും വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത് ഒൻ്റാരിയോയിലും അറ്റ്ലാൻ്റികൾ പ്രവശ്യകളിലും കെബെക്കിലുമാണ്. ബ്രാംപ്‌ടൺ, മിസിസ്സാഗ, സ്കാർബറോ,ടൊറൻ്റോ, എറ്റോബിക്കോ അടക്കമുള്ള പ്രദേശങ്ങളിലെ സീറ്റുകളിൽ ലിബറലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.