വിദേശ സ്വർണ്ണ ഖനന വ്യവസായത്തിൽ കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ. അതിനായുള്ള നീക്കങ്ങൾ യുഎഇ ആരംഭിച്ചതായാണ് റിപ്പോർട്ട്. ആഗോള വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായി ആഫ്രിക്കയുമായി വീണ്ടും പുതിയ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കും. കൂടാതെ ആഗോള സ്വർണ്ണ ഖനനത്തിൽ ശക്തമായ സാന്നിധ്യമുള്ള കനേഡിയൻ സ്ഥാപനമായ അലൈഡ് ഗോൾഡ്, യുഎഇ ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടായ അംബ്രോസിയ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായി പങ്കാളിത്തം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ സ്വർണ്ണ ഖനികളിലെ പ്രധാന നിക്ഷേപകനായി ഈ നീക്കത്തിലൂടെ യുഎഇ മാറിക്കഴിഞ്ഞു.

ഇപ്പോഴത്തെ ഈ പങ്കാളിത്തത്തിലൂടെ അലൈഡ് ഗോൾഡിന്റെ പ്രവർത്തനങ്ങളിൽ യുഎഇ ഒരു പ്രധാന ഓഹരി തന്നെ ആഫ്രിക്കയിൽ നിന്നും സ്വന്തമാക്കുന്നുണ്ട്. പ്രത്യേകിച്ചും, യുഎഇ കമ്പനിയായ മാലിയിലെ അലൈഡിന്റെ ഖനന ആസ്തികളിൽ പകുതി സ്വന്തമാക്കുകയും അലൈഡ് ഗോൾഡിന്റെ 12% ഓഹരികൾ വാങ്ങുകയും ചെയ്യും, ഇത് ഏകദേശം 156.6 ദശലക്ഷം കനേഡിയൻ ഡോളറാണ്. 3.40 കനേഡിയൻ ഡോളർ വിലയുള്ള ഏകദേശം 46 ദശലക്ഷം ഓഹരികൾ ഉൾപ്പെടുന്ന ഏറ്റെടുക്കൽ പ്രക്രിയ ഘട്ടം ഘട്ടമായാണ് നടക്കുക. സാഡിയോള ഖനി പ്രതിവർഷം 230,000 ഔൺസ് വരെ സ്വർണം ഉത്പാദിപ്പിക്കുന്നുണ്ട്. 2028 ൽ ഇത് പൂർണ്ണമായും വികസിപ്പിച്ചുകഴിഞ്ഞാൽ, പ്രതിവർഷം 400,000 ഔൺസ് ആയിരിക്കുമെന്ന് കമ്പനികൾ അറിയിച്ചു.

സ്വർണ്ണ നഗരം എന്നറിയപ്പെടുന്ന ദുബായ്, ലോകമെമ്പാടുമുള്ള സ്വർണ്ണ, പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രശസ്ത ആഭരണ ബ്രാൻഡുകളെ ആകർഷിക്കുന്ന ഈ നഗരം, ഇന്ത്യയിൽ നിന്നുള്ള ആഭരണ ഇറക്കുമതി ഉൾപ്പെടെ സ്വർണ്ണത്തിന്റെ ഒരു പ്രധാന വിപണിയായി പ്രവർത്തിക്കുന്നു. യുഎഇയുടെ പുതിയ സംരംഭത്തോടെ, ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യവും, ആഭ്യന്തരമായി ആഭരണ നിർമ്മാണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും സാക്ഷാത്കരിച്ചേക്കും. അലൈഡ് ഗോൾഡുമായുള്ള യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തവും ആഫ്രിക്കൻ ഖനന പ്രവർത്തനങ്ങളിലെ നിക്ഷേപവും വൻ തോതിൽ വർധിപ്പിക്കുന്നു. ഇത് ആഫ്രിക്കയ്ക്കും പുതിയ വഴികൾ തുറന്ന് കൊടുക്കാൻ ഏറെ സഹായിക്കുന്നതാണ്.