കെബെക്ക് സിറ്റി : യുഎസ് താരിഫുകൾക്ക് ഇരയാകുന്ന കമ്പനികൾക്ക് അഞ്ച് കോടി ഡോളർ വരെ വായ്പ അനുവദിക്കുമെന്ന് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. ഈ സാമ്പത്തിക സഹായം പരമാവധി ഏഴ് വർഷത്തെ കാലാവധിയുള്ള വായ്പകളുടെ രൂപത്തിലായിരിക്കും വിതരണം ചെയ്യുക. കൂടാതെ 24 മാസം വരെ തിരിച്ചടവ് മൊറട്ടോറിയം ഉണ്ടായിരിക്കും, അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% താരിഫുകളും ഊർജ ഉൽപന്നങ്ങൾക്ക് 10 ശതമാനം ലെവിയും ഏർപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ലെഗോൾട്ട് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. പ്രവിശ്യയിൽ നിലവിൽ കമ്പനികൾ സ്ഥാപിച്ചിട്ടില്ലാത്ത, പൊതു ടെൻഡറുകളിൽ പങ്കെടുക്കുന്ന അമേരിക്കൻ കമ്പനികളുടെ ബിഡ്ഡുകളിൽ 25% പിഴ ചുമത്തുമെന്നും പ്രീമിയർ പ്രഖ്യാപിച്ചു. പ്രവിശ്യ യുഎസ് വിപണിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നതിനാൽ യുഎസ് താരിഫുകളുടെ ഫലമായി 100,000 നും 160,000 നും ഇടയിൽ ജോലികൾ നഷ്‌ടപ്പെടുമെന്നും പ്രീമിയർ അറിയിച്ചു.

അമേരിക്കൻ മദ്യം പിൻവലിക്കാൻ സൊസൈറ്റ് ഡെസ് ആൽക്കൂൾസ് ഡു കെബെക്കിന് (SAQ) നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഫ്രാൻസ്വ ലെഗോൾട്ട് അറിയിച്ചു. ഗ്രോസറി സ്റ്റോറുകൾ ഏജൻസികൾ, ബാറുകൾ, റസ്റ്ററൻ്റുകൾ എന്നിവിടങ്ങളിൽ അമേരിക്കൻ ലഹരി പാനീയങ്ങൾ വിതരണം ചെയ്യുന്നത് നിർത്താൻ SAQ നോട് ആവശ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം വ്യക്തമാക്കി.