ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ഭവന നിർമ്മാണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കനേഡിയൻ ഹോം ബിൽഡേഴ്‌സ് അസോസിയേഷൻ (CHBA). താരിഫുകളുമായി ബന്ധപ്പെട്ട തൊഴിൽ അരക്ഷിതാവസ്ഥ ഭവന വിപണിയെ ബാധിക്കുമെന്നും CHBA സിഇഒ കെവിൻ ലീ പറയുന്നു. താരിഫുകളെ തുടർന്ന് സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന മാന്ദ്യം ദേശീയ ഭവന വിപണിയെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ ഈ വസന്തകാലത്ത് ഭവന വിപണിയിൽ പ്രതീക്ഷിക്കുന്ന തിരിച്ചുവരവിനെ പിന്നോട്ടടിക്കുമെന്നും കെവിൻ ലീ പറഞ്ഞു.

യുഎസ് താരിഫുകൾക്കെതിരെ കാനഡ പ്രതികാര താരിഫുകൾ നടപ്പിലാക്കുന്നതോടെ യുഎസിൽ നിന്നുള്ള നിർമ്മാണ സാമഗ്രികൾക്ക് വില കൂടുകയും ഹോം ബിൽഡേഴ്‌സിന് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും ലീ പറയുന്നു. കൌണ്ടർ-താരിഫുകളുടെ പട്ടികയിൽ നിന്നും നിർമ്മാണ സാമഗ്രികളെ ഒഴിവാക്കണമെന്ന് CHBA ഫെഡറൽ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.