എഡ്മിന്‍റൻ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ കാനഡയ്‌ക്കെതിരെയുള്ള സാമ്പത്തിക ആക്രമണമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഈ നയം മണ്ടത്തരവും പരാജയവുമാണെന്നും പ്രീമിയർ പറഞ്ഞു. തൻ്റെ ആദ്യ ടേമിൽ യുഎസ് പ്രസിഡൻ്റ് ഒപ്പുവച്ച വ്യാപാര കരാറിൻ്റെ ലംഘനമാണിതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് താരിഫുകൾക്കെതിരെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച പ്രതികാര നടപടികളെ ആൽബർട്ട പൂർണ്ണമായും പിന്തുണയ്ക്കുമെന്നും പ്രീമിയർ അറിയിച്ചു. താരിഫ് യുദ്ധത്തിൽ ഏർപ്പെടുന്നതിനേക്കാൾ ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായ വ്യാപാര ഇടപാടുകളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനാണ് തങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു.

ട്രംപ് ചുമത്തിയ താരിഫുകൾ കാനഡയ്ക്ക് മാത്രമല്ല അമേരിക്കൻ ജനതയെ ദോഷകരമായി ബാധിക്കും. ഇന്ധനം, ഭക്ഷണം, വാഹനങ്ങൾ, പാർപ്പിടം, മറ്റ് നിരവധി ഉൽപ്പന്നങ്ങൾ എന്നിവയുടെ ചെലവ് വർധിക്കുമെന്നും ഡാനിയേൽ സ്മിത്ത് ചൂണ്ടിക്കാട്ടി. കൂടാതെ ഇരുരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടും. ഈ നിയമവിരുദ്ധ താരിഫുകളോടുള്ള ആൽബർട്ടയുടെ പ്രതികരണം ചർച്ച ചെയ്യാൻ ഇന്നും നാളെയും കാബിനറ്റ് യോഗം ചേരും. തുടർന്ന് നാളെ ആൽബർട്ട സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കുമെന്നും ഡാനിയേൽ സ്മിത്ത് അറിയിച്ചു.