മൺട്രിയോൾ : കാനഡ-യുഎസ് താരിഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നഗരങ്ങളിലേക്കുള്ള ഫെബ്രുവരിയിലെ ബുക്കിങ്ങുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറഞ്ഞതായി ട്രാവൽ ഏജൻസി ഫ്ലൈറ്റ് സെൻ്റർ ട്രാവൽ ഗ്രൂപ്പ് കാനഡ പറയുന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസമായി യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു.

മാർച്ചിൽ ഫ്ലോറിഡ, ലാസ് വേഗസ്, അരിസോന എന്നീ യുഎസ് നഗരങ്ങളിലേക്കുള്ള വിമാന സർവീസ് 10% കുറയ്ക്കുമെന്ന് എയർ കാനഡ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസിനെ ഉപേക്ഷിക്കുന്ന യാത്രക്കാർ മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് സൺ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുന്നതായി വെസ്റ്റ്ജെറ്റ് പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കനേഡിയൻ ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കയെ തങ്ങളുടെ ഡെസ്റ്റിനേഷനുകളിൽ നിന്നും ഒഴിവാക്കാൻ കാരണമായതായി ട്രാവൽ ഇൻഷുറർ മാർട്ടി ഫയർസ്റ്റോൺ പറയുന്നു.