ഓട്ടവ : താൻ പ്രധാനമന്ത്രിയായാൽ, എതിരാളിയായ മാർക്ക് കാർണിയെ തൻ്റെ ധനമന്ത്രിയാകാൻ ക്ഷണിക്കുമെന്ന് ലിബറൽ ലീഡർഷിപ്പ് സ്ഥാനാർത്ഥി ക്രിസ്റ്റിയ ഫ്രീലാൻഡ്. യുഎസ്-കാനഡ വ്യാപാരയുദ്ധം നടക്കുന്ന ഈ വേളയിൽ ഹൗസ് ഓഫ് കോമൺസിൽ സീറ്റുള്ള ഒരു പ്രധാനമന്ത്രി ആവശ്യമാണെന്നും ക്രിസ്റ്റിയ പറഞ്ഞു. നേതൃത്വ മത്സരഫലം പരിഗണിക്കാതെ തന്നെ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെങ്കിലും മാർക്ക് കാർണി നിലവിൽ തിരഞ്ഞെടുക്കപ്പെട്ട എംപിയല്ല. തങ്ങളുടെ അടുത്ത നേതാവും നിയുക്ത പ്രധാനമന്ത്രിയും ആരായിരിക്കണമെന്ന് ലിബറൽ പാർട്ടി ഓഫ് കാനഡ അംഗങ്ങൾ മാർച്ച് 9 ഞായറാഴ്ച തീരുമാനിക്കും.

താരിഫ് യുദ്ധത്തെ നേരിടാൻ ശക്തമായ ഒരു ഗവൺമെൻ്റിനെ നയിക്കാൻ തനിക്ക് കഴിയുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് പറയുന്നു. ഇതിന് വിദേശകാര്യ മന്ത്രി, വ്യാപാര മന്ത്രി, ധനമന്ത്രി, ഉപപ്രധാനമന്ത്രി എന്നീ നിലകളിലെ തന്‍റെ അനുഭവസമ്പത്ത് സഹായിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം ക്രിസ്റ്റിയ ഫ്രീലാൻഡിന്‍റെ രാജിയിലേക്ക് നയിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള സംഘർഷത്തിൻ്റെ ഉറവിടം മാർക്ക് കാർണിയെ ധനമന്ത്രിയാക്കുമെന്ന ചർച്ചകളാണെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.