ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിലുടനീളം കനത്ത മഞ്ഞുവീഴ്ചയും മഴയും കാറ്റും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. പ്രവിശ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച വ്യാഴാഴ്ച രാവിലെയോടെ അവസാനിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവയുടെ ഉപരിതലങ്ങൾ മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതും അപകടകരവുമാകും. കൂടാതെ വൈദ്യുതിമുടക്കത്തിന് കാരണമാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

അതേസമയം കനത്ത മഴയും കാറ്റും പ്രതീക്ഷിക്കുന്ന ന്യൂബ്രൺസ്വിക്കിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിൽ ഈ മേഖലയിൽ 40 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ പ്രതീക്ഷിക്കുന്ന 20 മുതൽ 40 മില്ലിമീറ്റർ വരെ മഴയ്ക്ക് പുറമേയാണിത്. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.