ഓട്ടവ : കാനഡയിലെ കാർഷിക-ഭക്ഷ്യ മേഖലയിലെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാം അടച്ചുപൂട്ടി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). അഗ്രി-ഫുഡ് പൈലറ്റിന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത വിദേശ പൗരന്മാർക്ക് ഇനി മുതൽ ഈ പാത്ത് വേയിലൂടെ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാനാവില്ല. 2025 ഫെബ്രുവരി 13-ന് മുമ്പ് ലഭിച്ച അപേക്ഷകൾ പ്രോസ്സസ് ചെയ്യുന്നത് തുടരുമെന്നും ഐആർസിസി അറിയിച്ചു. 2025 ജനുവരിയിൽ, ഈ വർഷം പ്രോഗ്രാമിലേക്കുള്ള അപേക്ഷകരുടെ എണ്ണം 1,010 ആയി പരിമിതപ്പെടുത്തുമെന്ന് ഐആർസിസി പ്രഖ്യാപിച്ചിരുന്നു. ഓരോ വർഷവും അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാം വഴി 2,750 അപേക്ഷകളാണ് സ്വീകരിച്ചിരുന്നത്. അഗ്രി-ഫുഡ് പൈലറ്റിന് അപേക്ഷിച്ചിട്ടില്ലാത്ത വിദേശ പൗരന്മാർക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ, പുതുതായി ആരംഭിച്ച റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്, എക്സ്പ്രസ് എൻട്രി, അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം എന്നിവയുൾപ്പെടെ ഇതര പാത്ത് വേ വഴി കാനഡയിലേക്ക് കുടിയേറാം.

മൂന്ന് വർഷത്തേക്കായി 2020-ലാണ് അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത്. എന്നാൽ, 2023-ൽ 2025 മെയ് 14 വരെ പ്രോഗ്രാം നീട്ടിയിരുന്നു. കാനഡയിലെ ചില കാർഷിക, ഭക്ഷ്യ മേഖലകളിലെ പ്രത്യേക തൊഴിലുകളിലേക്ക് തിരഞ്ഞെടുക്കുന്ന നോൺ-സീസണൽ തൊഴിലാളികൾക്ക് സ്ഥിരതാമസ സൗകര്യം ഒരുക്കുന്ന പാത്ത് വേയാണ് അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാം. യോഗ്യമായ മേഖലകളിൽ മാംസ ഉൽപന്ന നിർമ്മാണം, ഹരിതഗൃഹം, നഴ്സറി, പുഷ്പകൃഷി ഉൽപ്പാദനം (കൂൺ ഉൽപ്പാദനം ഉൾപ്പെടെ), മൃഗങ്ങളുടെ ഉത്പാദനം എന്നിവ ഉൾപ്പെടുന്നു.ഈ പ്രോഗ്രാം വഴി നാലായിരത്തി അഞ്ഞൂറിലധികം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പല കനേഡിയൻ ഇമിഗ്രേഷൻ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായി അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്. യോഗ്യരായ ഏതൊരു വിദേശ പൗരനും ഈ പ്രോഗ്രാമിന് കീഴിൽ സ്ഥിര താമസത്തിനായി ഐആർസിസിയിലേക്ക് നേരിട്ട് അപേക്ഷിക്കാം.