മൺട്രിയോൾ : നഗരത്തിലെ റിയാൽട്ടോ തിയേറ്ററിൽ അഞ്ചാംപനി ബാധിച്ച ഒരാൾ എത്തിയതായി മുന്നറിയിപ്പ് നൽകി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ്. ഫെബ്രുവരി 21-ന് രാത്രി എട്ടുമണിക്കും അർദ്ധരാത്രിക്കുമിടയിൽ തിയേറ്ററിൽ FEVERUP ബാലെ കാണാൻ എത്തിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെങ്കിൽ അഞ്ചാംപനി ലക്ഷണങ്ങൾ പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

അതേസമയം പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് റിയാൽട്ടോ തിയേറ്റർ പ്രസിഡൻ്റ് എസിയോ കരോസില്ലി പറയുന്നു. FEVERUP ഷോയുടെ നിർമ്മാതാവ് എല്ലാ കാണികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 21 മുതൽ ഇതുവരെ തിയേറ്റർ ജീവനക്കാർക്ക് ആർക്കും അഞ്ചാംപനി ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും എസിയോ കരോസില്ലി അറിയിച്ചു.

കെബെക്കിൽ അഞ്ചാംപനി കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് റിയാൽട്ടോ തിയേറ്ററിൽ അണുബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ആദ്യമായി അണുബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം പ്രവിശ്യയിൽ 30 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 23 കേസുകൾ റിപ്പോർട്ട് ചെയ്ത ലോറൻഷ്യൻസിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മൺട്രിയോൾ, ലാവൽ, മോണ്ടെറെജി എന്നിവിടങ്ങളിലും അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയുള്ള കേസുകളിൽ ഭൂരിഭാഗവും 25 നും 35 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണ്.