ഓട്ടവ : മാർച്ച് ബ്രേക്ക് ട്രാവൽ സീസണിൽ അഞ്ചാംപനി കേസുകൾ വർധിക്കുമെന്ന ആശങ്കയിൽ പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (പിഎച്ച്എസി). നിലവിൽ 2024-ൽ റിപ്പോർട്ട് ചെയ്ത അഞ്ചാംപനി കേസുകളെക്കാൾ കൂടുതലാണ് ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ ഏജൻസി പറയുന്നു. കാനഡയിൽ, നിലവിലുള്ള പകർച്ചവ്യാധികൾ കുറയുന്നതിൻ്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾക്കിടയിലെ വാക്‌സിനേഷൻ നിരക്ക് കുറയുന്നതിനൊപ്പം സ്പ്രിങ് ബ്രേക്കിലെ യാത്രകൾ വർധിക്കുന്നതും സമൂഹവ്യാപനത്തിൻ്റെ കുതിപ്പിന് കാരണമാകുമെന്ന ആശങ്കയും ഹെൽത്ത് കാനഡ മുന്നോട്ടു വയ്ക്കുന്നു.

കഴിഞ്ഞ വർഷം ലോകമെമ്പാടും മീസിൽസ് കേസുകളുടെ എണ്ണത്തിൽ കുത്തനെ വർധന രേഖപ്പെടുത്തിയിരുന്നു. കാനഡയിൽ റിപ്പോർട്ട് ചെയ്ത മിക്ക അഞ്ചാംപനി കേസുകൾക്കും മറ്റു രാജ്യങ്ങളിൽ നിന്നും എത്തിവരുമായി ബന്ധമുണ്ടെന്ന് ഹെൽത്ത് കാനഡ പറയുന്നു. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത അഞ്ചാംപനി കേസുകളിൽ ഭൂരിഭാഗവും വിദേശരാജ്യത്ത് നിന്നും രോഗബാധിതരായ യാത്രക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പബ്ലിക് ഹെൽത്ത് കാനഡ പ്രസ്താവനയിൽ പറഞ്ഞു. മാർച്ച് 6 വരെ കാനഡയിലുടനീളം 227 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കെബെക്കിൽ മാത്രം 30 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ യാത്രയ്ക്ക് മുമ്പ് അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. കൂടാതെ യാത്ര പുറപ്പെടുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിൻ എടുക്കണം.

ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.