എഡ്മിന്‍റൻ : കോടികളുടെ ആരോഗ്യ കരാർ അഴിമതിയിൽ ആൽബർട്ട ഹെൽത്ത് സർവീസസിനെതിരെ അന്വേഷണം ആരംഭിച്ച് ആൽബർട്ട ആർസിഎംപി. ഏജൻസിയുടെ മുൻ സിഇഒയുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം. മെഡിക്കൽ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുമായി ആൽബർട്ടയിലെ ഉന്നതതല ഉദ്യോഗസ്ഥർ കോടിക്കണക്കിന് ഡോളറിന്‍റെ ഇടപാടുകൾ നടത്തിയെന്നും, ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്പര്യങ്ങളിലും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) മേധാവി അഥാന മെൻ്റ്സെലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ രാഷ്ട്രീയ സമ്മർദം നേരിടേണ്ടി വന്നതായും അവർ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം ആൽബർട്ട ഓഡിറ്റർ ജനറലും പ്രവിശ്യ സർക്കാരും കരാറുകളെക്കുറിച്ച് സ്വന്തം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം, മെഡിക്കൽ കരാറുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ആൽബർട്ട സർക്കാർ മുൻ മാനിറ്റോബ ജഡ്ജി റെയ്മണ്ട് ഇ വയൻ്റിനെ തിരഞ്ഞെടുത്തു. അദ്ദേഹം മെയ് അവസാനത്തോടെ ഒരു ഇടക്കാല റിപ്പോർട്ടും ജൂൺ 30-നകം അന്തിമ റിപ്പോർട്ടും സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആർസിഎംപി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും എൻഡിപി ലീഡറുമായ നഹീദ് നെൻഷി രംഗത്ത് എത്തിയിരുന്നു. കൂടാതെ പ്രീമിയർ ഡാനിയേൽ സ്മിത്ത്, ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ച് എന്നിവരുൾപ്പെടെ ആരോപണങ്ങൾ നേരിടുന്ന എല്ലാവരും അന്വേഷണ കാലയളവിൽ മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.