വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ മറ്റൊരു അഞ്ചാംപനി കേസ് കൂടി റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്ത മുൻ അണുബാധകളുമായി ഈ കേസിന് ബന്ധമില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. മറ്റു അഞ്ചാംപനി കേസുകളിലെ പോലെ തന്നെ വിദേശ യാത്രയുമായി ബന്ധപ്പെട്ടതാണ് ഈ കേസെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും എത്തിയ അണുബാധിതൻ ഫ്രേസർ ഹെൽത്ത് മേഖലയിലാണ് താമസിക്കുന്നത്. ഇയാൾ ഈ ആഴ്ച ആദ്യം റോയൽ കൊളംബിയൻ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം സന്ദർശിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മുതൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടര വരെ അത്യാഹിത വിഭാഗം സന്ദർശിച്ചവർക്ക് അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ഫ്രേസർ ഹെൽത്ത് മുന്നറിയിപ്പ് നൽകി.

രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. അഞ്ചാംപനി രോഗലക്ഷണങ്ങൾ കാണുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഫ്രേസർ ഹെൽത്ത് നിർദ്ദേശിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും ഫെബ്രുവരി 11-ന് വൻകൂവർ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ എയർ കാനഡ വിമാനത്തിലുണ്ടായിരുന്ന ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടതാണ് ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ റിപ്പോർട്ട് ചെയ്ത മറ്റ് അഞ്ചാംപനി കേസുകൾ.