ഓട്ടവ : കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ പാരൻ്റ്‌സിനും ഗ്രാൻഡ് പാരൻ്റ്‌സിനുമുള്ള സ്ഥിര താമസ സ്‌പോൺസർഷിപ്പ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ച് കാനഡ. ഇന്ന് മുതൽ പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സ് പ്രോഗ്രാം (PGP) വഴിയുള്ള പുതിയ സ്ഥിര താമസ സ്‌പോൺസർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. ഈ വർഷം, PGP പ്രോഗ്രാമിന് കീഴിൽ സ്പോൺസർഷിപ്പിനായി 10,000 അപേക്ഷകൾ വരെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. എന്നാൽ, 2020 മുതൽ 2024 വരെ നടത്തിയ ഇൻടേക്കുകൾക്ക് സ്വീകരിച്ച സമീപനമായിരിക്കും ഈ വർഷവും തുടരുക. 2020 മുതലുള്ള അപേക്ഷകൾ പൂളിൽ കെട്ടിക്കിടക്കുന്നതിനാൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് പകരം 2020-ൽ പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സ് പ്രോഗ്രാമിന് കീഴിൽ അപേക്ഷ സമർപ്പിച്ച വിദേശ പൗരന്മാർക്ക് 2025-ൽ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കുമെന്നാണ് ഈ പുതിയ അറിയിപ്പ് അർത്ഥമാക്കുന്നത്.

അതേസമയം ഇൻവിറ്റേഷൻ ലെറ്റർ എപ്പോൾ അയക്കുമെന്ന് ഐആർസിസി വ്യക്തമാക്കിയിട്ടില്ല. എന്നാൽ വരും മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഐആർസിസി അറിയിച്ചു. 2025 ജനുവരിയിൽ, ഈ വർഷം പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സ് പ്രോഗ്രാമിന് (പിജിപി) കീഴിൽ പുതിയ ഇൻവിറ്റേഷനുകളൊന്നും അയയ്‌ക്കില്ലെന്നും പകരം 2024 ഇൻടേക്കിൽ സമർപ്പിച്ച അപേക്ഷകൾ പ്രോസസ്സ് ചെയ്യുമെന്നും ഐആർസിസി പ്രഖ്യാപിച്ചിരുന്നു.

പിജിപിക്ക് കീഴിൽ പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സിനെ സ്പോൺസർ ചെയ്യാൻ കഴിയാത്ത കനേഡിയൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും അവരുടെ ബന്ധുക്കളെ കാനഡയിൽ ദീർഘകാലത്തേക്ക് സന്ദർശിക്കുന്നതിന് സ്പോൺസർ ചെയ്യുന്നതിനുള്ള സൂപ്പർ വീസ പ്രോഗ്രാം പ്രയോജനപ്പെടുത്താമെന്നും ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.
