കെബെക്ക് സിറ്റി : കാനഡ-യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച രണ്ടു പിഞ്ചുകുട്ടികൾ അടങ്ങിയ നാലംഗ കുടുംബത്തെ തണുത്തു മരവിച്ച നിലയിൽ കണ്ടെത്തി. കെബെക്കിലെ ഹാവ്‌ലോക്കിലെ കനേഡിയൻ അതിർത്തിയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി വൈകി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ വഴിതെറ്റിപ്പോയ കുടുംബാംഗങ്ങളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് 911-ൽ കോൾ ലഭിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു. ഒന്നും രണ്ടും വയസ്സുള്ള രണ്ട് ചെറിയ കുട്ടികളുള്ള നാലംഗ കുടുംബം കാട്ടിനുള്ളിൽ വഴി തെറ്റിയതായി RCMP വക്താവ് മാർട്ടിന പില്ലറോവ പറയുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പുലർച്ചെ നാല് മണിയോടെ ഇവരെ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ അവരെ കണ്ടെത്തുമ്പോൾ കുടുംബം ഒരു മരത്തിനടിയിൽ ഇരിക്കുകയായിരുന്നു.
അതിശൈത്യത്തിൽ മരവിച്ച നിലയിലായിരുന്നു കുട്ടികളും ബാക്കി കുടുംബാംഗങ്ങളുമെന്ന് മാർട്ടിന പില്ലറോവ അറിയിച്ചു. കടുത്ത തണുപ്പിനെ നേരിടാൻ ആവിശ്യമായ വസ്ത്രങ്ങളോ ഷൂകളോ ബൂട്ടുകളോ കയ്യുറകളോ ഇവർക്ക് ഉണ്ടായിരുന്നില്ലെന്നും RCMP വക്താവ് റിപ്പോർട്ട് ചെയ്തു. കടുത്ത ഹൈപ്പോഥെർമിയ അനുഭവപ്പെട്ട കുട്ടികളെ അടക്കം കുടുംബത്തെ പാരാമെഡിക്കുകളുടെ സഹായത്തോടെ കെബെക്കിലെ ചാറ്റോഗ്വേയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ജീവന് ഭീഷണി ഇല്ലെന്ന് അധികൃതർ അറിയിച്ചു.

കാനഡയിൽ ഈ കുടുംബത്തിന് സ്ഥിരതാമസ പദവി ഇല്ല. എന്നാൽ, ഇവർ അഭയാർത്ഥി പദവിക്ക് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. അന്വേഷണം ബോർഡർ ഏജൻസിക്ക് കൈമാറിയതായി RCMP വക്താവ് റിപ്പോർട്ട് ചെയ്തു.